ബെംഗളൂരു: വിദേശത്തെ ഉയര്‍ന്ന സുഖസൗകര്യങ്ങളും കരിയറും ഉപേക്ഷിച്ച്, നാട്ടിലെ വയോധികരായ മാതാപിതാക്കള്‍ക്കൊപ്പം ജീവിക്കാന്‍ തീരുമാനിച്ച ഒരു ഐടി ഉദ്യോഗസ്ഥന്റെ അനുഭവക്കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധ നേടുന്നു. പ്രമുഖ ഐടി സ്ഥാപനമായ ‘കോര്സെന്ട്രിക്സിന്റെ’ (Corcentric) എഞ്ചിനീയറിങ് ഡയറക്ടറായ രമേശ് എന്‍.എന്‍ ആണ് കാനഡയിലെ ജീവിതം അവസാനിപ്പിച്ച് ആറു വര്‍ഷം മുമ്പ് ബെംഗളൂരുവിലേക്ക് മടങ്ങിയെത്തിയതിന്റെ അനുഭവം ലിങ്ക്ഡ്ഇനിലൂടെ പങ്കുവെച്ചത്.
മാതാപിതാക്കളുടെ അരികിലേക്ക് മടങ്ങാന്‍ എടുത്ത ആ തീരുമാനം തന്റെ ജീവിതത്തെ എത്രത്തോളം അര്ത്ഥപൂര്ണ്ണമാക്കിയെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. പ്രവാസം നയിക്കുന്ന ഭൂരിഭാഗം പേരും ഉള്ളില്‍ അനുഭവിക്കുന്ന വലിയൊരു മാനസിക സംഘര്‍ഷമാണ് പ്രായമായ മാതാപിതാക്കളില്‍ നിന്ന് അകന്നു കഴിയുക എന്നത്. വിദേശത്തെ സുരക്ഷിതത്വവും നാട്ടിലെ കുടുംബബന്ധങ്ങളും തമ്മിലുള്ള ഒരു തിരഞ്ഞെടുപ്പായിരുന്നു ഇതെന്നും കാനഡയില്‍ നിന്നുള്ള മടക്കം എളുപ്പമുള്ള തീരുമാനമായിരുന്നില്ലെന്നും രമേശ് കുറിച്ചു. വിഡിയോ കോളുകളിലൂടെ മാത്രം മാതാപിതാക്കളെ കാണുന്നതിനേക്കാള്‍, അവരുടെ ദൈനംദിന ജീവിതത്തിലെ ചെറിയ നിമിഷങ്ങളില്‍ പോലും നേരിട്ട് ഒപ്പമുണ്ടാകാന്‍ സാധിക്കുന്നതാണ് വലിയ സന്തോഷം. സ്വന്തം വേരുകളിലേക്ക് മടങ്ങിയെത്തിയെന്ന തോന്നലും കുടുംബത്തിന്റെ സാന്നിധ്യവും വാക്കുകള്‍ക്ക് അതീതമായ ആത്മസംതൃപ്തിയാണ് നല്‍കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

നാട്ടിലേക്ക് മടങ്ങുമ്പോള്‍ കരിയറിനെ ബാധിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നെങ്കിലും ബെംഗളൂരുവിലെ ചലനാത്മകമായ സാങ്കേതിക അന്തരീക്ഷം തന്റെ പ്രൊഫഷണല്‍ വളര്‍ച്ചയ്ക്ക് പുതിയ ഊര്‍ജ്ജമാണ് നല്‍കിയത്. ഇന്ത്യയിലെ അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതികളും പുതിയ രീതികളോട് പൊരുത്തപ്പെടലും തുടക്കത്തില്‍ വെല്ലുവിളിയായെങ്കിലും, കുടുംബത്തോടൊപ്പം ലഭിക്കുന്ന ആത്മസംതൃപ്തിയോട് താരതമ്യം ചെയ്യുമ്പോള്‍ അവയൊന്നും വലിയ വിഷയമല്ല. വിജയം എന്നത് ലോകത്തിന്റെ ഏത് കോണില്‍ ജീവിക്കുന്നു എന്നതിലല്ല, മറിച്ച് നിങ്ങളുടെ സാന്നിധ്യം എവിടെയാണോ ഏറ്റവും ആവശ്യമുള്ളത് അവിടെ ജീവിക്കുന്നതിലാണെന്ന് ഓര്‍മ്മിപ്പിച്ചാണ് അദ്ദേഹം തന്റെ അനുഭവം പങ്കുവെക്കുന്നത്.
