കൊച്ചി: വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. അതേസമയം, വഖഫ് ബോർഡ് ജുഡീഷ്യൽ സിറ്റിങ് നടത്തുന്നതിന് വിലക്കില്ലെന്നും കോടതി അറിയിച്ചു.ബോർഡ് രൂപീകരണത്തിൽ നിയമപരമായ വീഴ്ചകൾ ഉണ്ടായിട്ടുണ്ടോയെന്ന് സർക്കാർ പരിശോധിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. എന്നാൽ വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കുന്നതിൽ കോടതി ഇടപെടുന്നില്ലെന്നും വ്യക്തമാക്കി.
വഖഫ് ബോർഡിൽ അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്താമെന്ന സർക്കാർ നിലപാട് അഡ്വക്കറ്റ് ജനറൽ കോടതിയെ അറിയിച്ചു. വഖഫ് ഭേദഗതി നിയമപ്രകാരം ബോർഡിൽ രണ്ട് അംഗങ്ങൾ ഇതര മതസ്ഥരായിരിക്കണമെന്ന വ്യവസ്ഥയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.നിലവിൽ 11 അംഗ വഖഫ് ബോർഡിൽ ഒമ്പത് അംഗങ്ങളെയാണ് മുൻ സർക്കാർ നിയമിച്ചിരുന്നത്. ഒഴിവാക്കിയ രണ്ട് അംഗങ്ങളുടെ നിയമനം വൈകുന്നതെന്താണെന്ന് ഹൈക്കോടതി ചോദിച്ചു.

വഖഫ് ബോർഡിൽ അമുസ്ലിം അംഗങ്ങൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് ഷോൺ ജോർജും ചില ക്രിസ്ത്യൻ സംഘടനകളും സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി വിഷയം പരിഗണിച്ചത്. നേരത്തെ വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് കോടതി ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
എന്നാൽ വഖഫ് ബോർഡിന്റെ ദൈനംദിന പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാരിന്റെ ജോയിന്റ് സെക്രട്ടറിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാക്കണമെന്ന ഹൈക്കോടതി ഉത്തരവ് പിന്നീട് സുപ്രീം കോടതി റദ്ദാക്കിയിരുന്നു.വഖഫ് ബോർഡിന്റെ ഘടനയും അംഗനിയമനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തുടർനടപടികൾ സർക്കാരിന്റെ പരിശോധനയ്ക്ക് ശേഷമായിരിക്കും ഉണ്ടാകുക.
