Thursday, July 23, 2026

എണ്ണവില വീണ്ടും 100 ഡോളറിലേക്ക്; ഇന്ത്യയില്‍ ആശങ്ക

വാഷിങ്ടണ്‍: രാജ്യാന്തര വിപണിയില്‍ എണ്ണവില വീണ്ടും കുതിച്ചുയരുന്നു. ബ്രെന്റ് ക്രൂഡോയിലിന്റെ വില വീണ്ടും 100 ഡോളറിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. 1.76 ശതമാനം നേട്ടത്തോടെ ബ്രെന്റ് ക്രൂഡിന്റെ വ്യാപാരം 96 ഡോളറിലും, 1.41 ശതമാനം ഉയര്‍ച്ചയോടെ ഡബ്ല്യു.ടി.ഐ (WTI) ക്രൂഡിന്റെ വില 88 ഡോളറിലുമാണ് വ്യാപാരം തുടരുന്നത്. പശ്ചിമേഷ്യയില്‍ യു.എസ് – ഇറാന്‍ സംഘര്‍ഷം അതിരൂക്ഷമായി തുടരുന്നതും ചെങ്കടലില്‍ എണ്ണക്കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ശക്തമായതുമാണ് വിപണിയിലെ ഈ വന്‍ വിലക്കയറ്റത്തിന് കാരണം.

യു.എസ് സേന ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ തുടര്‍ച്ചയായ 12-ാം രാത്രിയും കനത്ത ആക്രമണം നടത്തി. വാണിജ്യ കപ്പലുകള്‍ക്കും യാത്രക്കാര്‍ക്കും ഇറാന്‍ ഉയര്‍ത്തുന്ന ഭീഷണി കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കി. അതേസമയം, ഹോര്‍മുസ് കടലിടുക്കിലെത്തിയ രണ്ട് കപ്പലുകള്‍ തിരിച്ചയച്ചതായി ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് അറിയിച്ചു. തങ്ങളുടെ അനുമതിയില്ലാതെ കപ്പലുകള്‍ക്ക് കടന്നുപോകാന്‍ കഴിയില്ലെന്നാണ് ഇറാന്‍ അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഇതിനൊപ്പം ഇറാന്‍ പിന്തുണയുള്ള യെമനിലെ ഹൂതികള്‍ സൗദി എണ്ണക്കപ്പലുകള്‍ ലക്ഷ്യമിട്ട് ആക്രമണം ശക്തമാക്കുകയും ബാബ് എല്‍-മന്‍ഡെബിലൂടെയുള്ള നാവിക ഉപരോധം പ്രഖ്യാപിക്കുകയും ചെയ്തതോടെ സമുദ്രവ്യാപാരം കൂടുതല്‍ പ്രതിസന്ധിയിലായി.

അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലവര്‍ധനവ് ഇന്ത്യന്‍ സാമ്പത്തിക മേഖലയിലും വലിയ ആഘാതമുണ്ടാക്കുമെന്നാണ് സൂചന. ഇറാന്‍ യുദ്ധവും കടല്‍പ്പാതകളിലെ തടസ്സങ്ങളും കാരണം നിലവില്‍ 75,000 കോടി രൂപയുടെ നഷ്ടമുണ്ടായതായി ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര സാമ്പത്തിക സഹായമോ നഷ്ടപരിഹാരമോ ലഭിക്കാതെ മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്നാണ് കമ്പനികളുടെ നിലപാട്. വിപണിയില്‍ എണ്ണവില വീണ്ടും ഉയര്‍ന്നാല്‍ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കേണ്ടി വരുമെന്ന ആശങ്കയും ശക്തമാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!