Friday, July 31, 2026

യൂബര്‍ ആപ്പ് പൂര്‍ണമായി ബഹിഷ്‌കരിക്കാന്‍ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവേഴ്സ്; ഇന്ന് മുതല്‍ സര്‍വീസ് മറ്റ് ആപ്പുകള്‍ ഉപയോഗിച്ച്

ഓണ്‍ലൈന്‍ ടാക്‌സി ഭീമനായ യൂബര്‍ (Uber) ആപ്പ് പൂര്‍ണ്ണമായി ബഹിഷ്‌കരിക്കാന്‍ സംസ്ഥാനത്തെ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരുടെ കൂട്ടായ്മ തീരുമാനിച്ചു. ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡ്രൈവര്‍ പ്രതിനിധികള്‍ മാനേജ്മെന്റുമായി നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ആപ്പ് ബഹിഷ്‌കരിച്ച് മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴി സര്‍വീസ് നടത്താന്‍ തീരുമാനമായത്. ഇന്നു മുതല്‍ യൂബര്‍ ആപ്പ് ഉപേക്ഷിച്ച് മറ്റ് ആപ്പുകള്‍ വഴി സര്‍വീസുകള്‍ ആരംഭിക്കും.

യാത്രക്കാര്‍ക്ക് ന്യായമായ അടിസ്ഥാന നിരക്കുകള്‍ ഉറപ്പാക്കുക, ഉയര്‍ന്ന കമ്മീഷന്‍ നിരക്കുകള്‍ വെട്ടിക്കുറയ്ക്കുക, ഡ്രൈവര്‍ സൗഹൃദ നിലപാടുകള്‍ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ ഉന്നയിച്ചിരുന്നത്. ഈ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി കൊച്ചിയില്‍ വെച്ച് യൂബര്‍ മാനേജ്മെന്റുമായി നടത്തിയ നിര്‍ണായക ചര്‍ച്ച പ്രഹസനമായി കലാശിച്ചതോടെയാണ് ഡ്രൈവര്‍മാര്‍ കടുത്ത നിലപാടിലേക്ക് കടന്നത്.

യൂബര്‍ ബഹിഷ്‌കരിക്കുന്നതോടെ ഒല (Ola), റാപ്പിഡോ (Rapido) തുടങ്ങിയ ബദല്‍ ആപ്പുകള്‍ സര്‍വീസുകള്‍ക്കായി വ്യാപകമായി ഉപയോഗിക്കാനാണ് ഡ്രൈവര്‍മാരുടെ നീക്കം. കൂടാതെ കേരള സര്‍ക്കാരിന്റെ ഔദ്യോഗിക ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസായ ‘കേരള സവാരി’ ഉള്‍പ്പെടെയുള്ള പ്രാദേശിക പ്ലാറ്റ്ഫോമുകളും പരമാവധി പ്രയോജനപ്പെടുത്തും. ശനിയാഴ്ച മാനേജ്മെന്റുമായി വീണ്ടും ചര്‍ച്ച നിശ്ചയിച്ചിട്ടുണ്ടെന്നും, ഈ ചര്‍ച്ചയിലെ തീരുമാനങ്ങള്‍ക്ക് ശേഷമായിരിക്കും സമരം ശക്തമാക്കുന്നതുള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുകയെന്നും ഡ്രൈവര്‍മാരുടെ പ്രതിനിധികള്‍ വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!