ദില്ലി: ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള ലോകത്തിലെ ആദ്യത്തെ രാഷ്ട്രീയ നേതാവെന്ന റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്‍സ്റ്റഗ്രാമില്‍ മോദിയുടെ ഫോളോവേഴ്സിന്റെ എണ്ണം നിലവില്‍ 105 മില്യണ്‍ (10.5 കോടി) കടന്നിരിക്കുകയാണ്. ഈ ചരിത്ര നേട്ടം കൈവരിക്കുന്ന ആദ്യത്തെ ആഗോള നേതാവാണ് അദ്ദേഹം.
സമീപദിവസങ്ങളില്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പങ്കുവെച്ച റീല്‍സ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്‍തോതില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ വെറും ഒരാഴ്ചയ്ക്കുള്ളില്‍ 40 ലക്ഷത്തിലധികം പുതിയ ഫോളോവേഴ്സാണ് അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് എത്തിയത്. ഇതോടെയാണ് ഫോളോവേഴ്സിന്റെ എണ്ണം 100 മില്യണ്‍ പിന്നിട്ട് 105 മില്യണിലേക്ക് കുതിച്ചുയര്‍ന്നത്.

ഡിജിറ്റല്‍ ലോകത്തെ ജനപ്രീതിയില്‍ ലോകത്തിലെ മറ്റ് മുന്‍നിര നേതാക്കളേക്കാള്‍ ബഹുദൂരം മുന്നിലാണ് പ്രധാനമന്ത്രി മോദി. പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് 43.2 മില്യണ്‍ ഫോളോവേഴ്സാണുള്ളത്. ട്രംപിനേക്കാള്‍ രണ്ടിരട്ടിയിലധികം ഫോളോവേഴ്സ് നിലവില്‍ നരേന്ദ്ര മോദിക്കുണ്ട്.
ഇന്ത്യയിലെ മറ്റ് പ്രമുഖ രാഷ്ട്രീയ നേതാക്കളുമായി താരതമ്യം ചെയ്യുമ്പോഴും വലിയ വ്യത്യാസമാണ് കാണാനാകുന്നത്. 16.1 മില്യണ്‍ ഫോളോവേഴ്സുള്ള ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇന്ത്യയില്‍ രണ്ടാം സ്ഥാനത്ത്. 12.6 മില്യണ്‍ ഫോളോവേഴ്സുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു.
