ബൂനിയ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ എബോള ബാധിതരുടെ എണ്ണവും മരണസംഖ്യയും ഉയരുന്നു. എബോള വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,500 കവിഞ്ഞു. വ്യാഴാഴ്ച പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം രോഗവ്യാപനം അതിരൂക്ഷമാണ്. കഴിഞ്ഞ ഒരു ആഴ്ചയ്ക്കുള്ളില്‍ മാത്രം രോഗബാധയില്‍ 50 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ചൊവ്വാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 3,442 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 1,521 പേര് മരണപ്പെട്ടു. മെയ് 15-നാണ് രാജ്യത്ത് എബോള ബാധ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അംഗീകൃത വാക്സിനുകളോ ചികിത്സയോ ലഭ്യമല്ലാത്ത ‘ബുണ്ടിബൂഗ്യോ’ (Bundibugyo) വൈറസാണ് ഇത്തവണ രോഗവ്യാപനത്തിന് കാരണം.

നിലവില്‍ 797 രോഗികള്‍ ഐസൊലേഷനിലോ ആശുപത്രിയിലോ ചികിത്സയിലുണ്ട്. 615 പേര് രോഗമുക്തി നേടി. എന്നാല്‍ രോഗബാധിതരുമായി സമ്പര്‍ക്കത്തില്‍ വന്നവരെ കണ്ടെത്തുന്ന ‘കോണ്ടാക്ട് ട്രേസിംഗ്’ ഇപ്പോഴും വളരെ പിന്നിലാണ്. രോഗവ്യാപനം തടയാന്‍ 95 ശതമാനം പേരെ നിരീക്ഷിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശമെങ്കിലും നിലവില്‍ 78 ശതമാനം പേരെ മാത്രമെ നിരീക്ഷിക്കാന്‍ സാധിച്ചിട്ടുള്ളൂ. സായുധ സംഘര്‍ഷങ്ങളും അനധികൃത ഖനനവും കാരണം ആയിരക്കണക്കിന് ആളുകളെ കണ്ടെത്തുന്നത് ദുഷ്കരമായിരിക്കുകയാണ്.
കിഴക്കന്‍ കോംഗോയിലെ വിദൂര പ്രദേശമായ ഇറ്റുരി (Ituri) പ്രവിശ്യയിലാണ് രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആകെ കേസുകളുടെ 90 ശതമാനവും ഇവിടെയാണ്. ഇതുകൂടാതെ കിസാംഗണി ഉള്‍പ്പെടെ അഞ്ച് പ്രവിശ്യകളിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, രോഗബാധിതനായ അവസാന വ്യക്തിയും രോഗമുക്തി നേടിയതിനെത്തുടര്‍ന്ന് അയല്‍രാജ്യമായ ഉഗാണ്ട തങ്ങളെ എബോള വിമുക്ത രാജ്യമായി പ്രഖ്യാപിച്ചു.
ഛര്‍ദ്ദി, രക്തം, ശുക്ലം തുടങ്ങിയ ശരീര സ്രവങ്ങളിലൂടെയാണ് എബോള ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്. ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ എബോള വ്യാപനമാണ് നിലവിലുളളതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. എന്നാല്‍ വായുവിലൂടെ പകരാത്തതിനാല്‍ ആഗോളതലത്തില്‍ രോഗവ്യാപന സാധ്യത കുറവാണെന്ന് ലോകാരോഗ്യ സംഘടന (WHO) അറിയിച്ചിട്ടുണ്ട്. എങ്കിലും കോംഗോയില്‍ രോഗവ്യാപന സാധ്യത വളരെ ഉയര്‍ന്നതാണെന്നാണ് മുന്നറിയിപ്പ്.
