തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കെഎസ്ഇബിക്ക് 25 കോടി രൂപയുടെ നഷ്ടമുണ്ടായതായി വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അറിയിച്ചു. പ്രളയം രൂക്ഷമായ ആറന്മുള അടക്കമുള്ള പ്രദേശങ്ങളില്‍ വേഗത്തില്‍ വൈദ്യുത ബന്ധം പുനഃസ്ഥാപിക്കാന്‍ ജീവനക്കാര്‍ക്ക് അടിയന്തര നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പത്തനംതിട്ടയില്‍ എത്താന്‍ വൈകിയിട്ടില്ലെന്നും തലസ്ഥാനം കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചതെന്നും മന്ത്രി വ്യക്തമാക്കി. ജില്ലയുടെ ചുമതലയുള്ള മന്ത്രിമാര്‍ സ്ഥലത്തുണ്ടായിരുന്നെന്നും ഇന്‍വെസ്റ്ററെ കാണാനാണോ മുഖ്യമന്ത്രി പോയതെന്ന ചോദ്യത്തോട് മന്ത്രി പ്രതികരിച്ചില്ല.
അതിനിടെ, പത്തനംതിട്ടയിലെ വെള്ളപ്പൊക്ക ബാധിത മേഖലകള്‍ മുഖ്യമന്ത്രി വി. ഡി. സതീശന്‍ ഇന്ന് സന്ദര്‍ശിക്കും. ഉച്ചയ്ക്ക് 12 മണിയോടെ ആറന്മുളയിലെത്തുന്ന അദ്ദേഹം തുടര്‍ന്ന് റാന്നി ഉള്‍പ്പെടെയുള്ള ദുരിതബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തും. എന്നാല്‍, ഇത്രയും നാള്‍ മുഖ്യമന്ത്രി എവിടെയായിരുന്നുവെന്ന് ചോദിച്ച് സിപിഐഎം നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. മഴക്കെടുതി നേരിടുന്നതിലും പ്രതിരോധ പ്രവര്‍ത്തനങ്ങളിലും വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മില്‍ യാതൊരു ഏകോപനവുമില്ലെന്നും ഇവര്‍ ആരോപിച്ചു.

ആറന്മുള, റാന്നി, ചെങ്ങന്നൂര്‍, അപ്പര്‍ കുട്ടനാട് ഭാഗങ്ങളില്‍ പ്രളയ സാഹചര്യം ഇപ്പോഴും അതീവ രൂക്ഷമായി തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് വെള്ളമിറങ്ങാത്തതിനാല്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് സ്വന്തം വീടുകളിലേക്ക് മടങ്ങാന്‍ ഇനിയും ദിവസങ്ങളെടുക്കും. ഗതാഗത തടസ്സവും രൂക്ഷമാണ്. ആലപ്പുഴ-ചങ്ങനാശേരി (AC) റോഡിലും, കോട്ടയം എംസി റോഡില്‍ നാഗമ്പടം ഭാഗത്തും വെള്ളം കയറി ഗതാഗതം ദുഷ്‌കരമായിട്ടുണ്ട്.
മഴക്കെടുതികള്‍ക്കിടെ ദാരുണമായ അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചെങ്ങന്നൂര്‍ മിത്രമഠം പാലത്തിന് സമീപം യുവാവ് വെള്ളക്കെട്ടില്‍ വീണ് മരണപ്പെട്ടു. കോട്ടയം മണര്‍കാട് ഭാഗത്ത് ഒഴുക്കില്‍പ്പെട്ട് മറ്റൊരു യുവാവിനെ കാണാതായിട്ടുണ്ട്. ഇയാള്‍ക്കായി പ്രദേശവാസികളും രക്ഷാപ്രവര്‍ത്തകരും തെരച്ചില്‍ തുടരുകയാണ്.
