വാഷിങ്ടന്‍: ഇറാന്റെ ആണവ പദ്ധതികളും ഹോര്‍മുസ് കടലിടുക്കിലെ ഗതാഗത നിയന്ത്രണവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദവും അത് നിഷേധിച്ച് ഇറാനും രംഗത്തെത്തിയത് അന്താരാഷ്ട്രതലത്തില്‍ പുതിയ നയതന്ത്ര പ്രതിസന്ധിക്ക് വഴിവെക്കുന്നു. പുതിയൊരു ധാരണയിലെത്താനുള്ള അവസാന അവസരമാണിതെന്നും, അല്ലാത്തപക്ഷം കടുത്ത സൈനിക നടപടികള്‍ നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.
നിലവിലെ യുഎസ് നാവിക ഉപരോധം കാരണം ഇറാന്റെ വ്യവസായമേഖല പ്രതിസന്ധിയിലാണെന്നും പൂര്‍ണ്ണമായി കീഴടങ്ങുകയോ പുതിയ ആണവ കരാറില്‍ ഒപ്പുവെയ്ക്കുകയോ ചെയ്യുക മാത്രമാണ് അവര്‍ക്ക് മുന്നിലുള്ള വഴിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, അമേരിക്കയുമായി യാതൊരുവിധ നേരിട്ടുള്ള ചര്‍ച്ചകളും നടക്കുന്നില്ലെന്ന് വ്യക്തമാക്കി ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായില്‍ ബഗായ് രംഗത്തെത്തി. വരുന്ന ദിവസങ്ങളില്‍ യുഎസ് പ്രതിനിധികളുമായി കൂടിക്കാഴ്ചകളൊന്നും നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ ഒമാനുമായി മാത്രമാണ് ആശയവിനിമയം നടത്തുന്നതെന്നും, അത് ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതവുമായി ബന്ധപ്പെട്ട താത്കാലിക ക്രമീകരണങ്ങള്‍ക്ക് വേണ്ടി മാത്രമാണെന്നും ബഗായ് വിശദീകരിച്ചു.

സൗദി അറേബ്യ, യുഎഇ, ഖത്തര്‍ എന്നീ അയല്‍രാജ്യങ്ങളുടെ അഭ്യര്‍ഥന മാനിച്ചും ഇറാന്‍ തങ്ങളെ സമീപിച്ചതിന്റെ അടിസ്ഥാനത്തിലുമാണ് സൈനിക നീക്കത്തില്‍ നിന്ന് താത്കാലികമായി പിന്മാറി ചര്‍ച്ചയ്ക്ക് തയാറായതെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. എന്നാല്‍ അമേരിക്കയുടെ ഈ വാദങ്ങള്‍ തള്ളിക്കളഞ്ഞ ഇറാന്‍, ട്രംപിന്റെ പ്രസ്താവനകളെ ഇരട്ടത്താപ്പായാണ് വിശേഷിപ്പിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം രൂക്ഷമായി തുടരുമ്പോള്‍, മേഖലയില്‍ യുദ്ധസാധ്യതയും നയതന്ത്ര അനിശ്ചിതത്വവും കൂടുതല്‍ ശക്തമാകുകയാണ്.
