Tuesday, August 4, 2026

കേരളത്തില്‍ മഴ തുടരുന്നു: 5 ഡാമുകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ കെഎസ്ഇബിക്ക് കീഴിലുള്ള അഞ്ച് പ്രധാന ഡാമുകളില്‍ റെഡ് അലര്‍ട്ട് തുടരുന്നു. ഇടുക്കി ജില്ലയിലെ കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍ എന്നിവയ്ക്ക് പുറമേ തൃശൂരിലെ പെരിങ്ങല്‍കൂത്ത്, കോഴിക്കോട്ടെ കുറ്റ്യാടി ഡാമുകളിലാണ് നിലവില്‍ റെഡ് അലര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍, പെരിങ്ങല്‍കുത്ത്, കുറ്റ്യാടി എന്നീ ഡാമുകളില്‍ നിന്ന് മുന്‍കരുതലിന്റെ ഭാഗമായി നിശ്ചിത അളവില്‍ വെള്ളം പുറത്തേക്ക് ഒഴുക്കിവിടുന്നുണ്ട്. അതേസമയം ഇരട്ടയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഇതുവരെ തുറന്നിട്ടില്ല. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം തുറന്ന പത്തനംതിട്ട മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ അടച്ചതായും അധികൃതര്‍ അറിയിച്ചു.

മഴ ശക്തമായതോടെ പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വെള്ളപ്പൊക്ക ബാധിത മേഖലകളില്‍ ദുരിതം കടുത്തിരിക്കുകയാണ്. ആറന്മുള, റാന്നി, ചെങ്ങന്നൂര്‍, അപ്പര്‍ കുട്ടനാട് ഭാഗങ്ങളിലാണ് സാഹചര്യം ഏറ്റവും രൂക്ഷമായി തുടരുന്നത്. വെള്ളമിറങ്ങാത്തതിനാല്‍ ഇവിടങ്ങളില്‍ ജനങ്ങള്‍ക്ക് വീടുകളിലേക്ക് മടങ്ങാന്‍ ഇനിയും ദിവസങ്ങളെടുക്കും. പത്തനംതിട്ട ജില്ലയില്‍ മാത്രം പ്രവര്‍ത്തനം ആരംഭിച്ച 130 ദുരിതാശ്വാസ ക്യാമ്പുകളിലായി 1,794 കുടുംബങ്ങള്‍ കഴിയുന്നുണ്ട്. ഇതില്‍ 925 കുട്ടികളും 3 ഗര്‍ഭിണികളും ഉള്‍പ്പെടുന്നു.

പ്രളയജലം കയറിയതിനെ തുടര്‍ന്ന് പ്രധാന പാതകളിലെല്ലാം ഗതാഗതം തടസ്സപ്പെട്ടു. ആലപ്പുഴ-ചങ്ങനാശേരി (AC) റോഡിലും കോട്ടയം എംസി റോഡില്‍ നാഗമ്പടം ഭാഗത്തും വെള്ളം കയറിയത് യാത്രക്കാരെ വലച്ചു. അതിനിടെ മഴക്കെടുതികളില്‍ അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചെങ്ങന്നൂര്‍ മിത്രമഠം പാലത്തിന് സമീപം യുവാവ് വെള്ളക്കെട്ടില്‍ വീണ് മരണപ്പെട്ടു. കോട്ടയം മണര്‍കാട് ഭാഗത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ മറ്റൊരു യുവാവിനായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!