Wednesday, August 5, 2026

കെബെക്കില്‍ കനത്ത മഴയും മണ്ണടിച്ചിലും; മൗണ്ട്-ട്രെംബ്ലന്റില്‍ അടിയന്തരാവസ്ഥ, റോഡുകള്‍ തകര്‍ന്നു

ലോറന്‍ഷ്യന്‍സ്: കെബെക് പ്രവിശ്യയില്‍ കനത്ത മഴയെയും മണ്ണടിച്ചിലിനെയും തുടര്‍ന്ന് എല്‍ അസെന്‍ഷനിലെ (L’Ascension) മൗണ്ട്-ട്രെംബ്ലന്റില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മൗണ്ട്-ട്രെംബ്ലന്റിന് (Mont-Tremblant) വടക്കായി സ്ഥിതി ചെയ്യുന്ന, ഒന്‍പതുനൂറോളം ആളുകള്‍ വസിക്കുന്ന ഈ ഗ്രാമത്തില്‍ വെള്ളപ്പൊക്കത്തിലും മണ്ണടിച്ചിലിലും പ്രധാന തെരുവുകള്‍ ഉള്‍പ്പെടെ തകര്‍ന്ന് വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരിക്കുകയാണ്. ഫയര്‍ സ്റ്റേഷന് തൊട്ടുമുന്നില്‍ രൂപപ്പെട്ട കൂറ്റന്‍ ഗര്‍ത്തം വലിയ ആശങ്കയായിരിക്കുകയാണ്.

ഞായറാഴ്ച വൈകുന്നേരം മുതല്‍ തിങ്കളാഴ്ച ഉച്ചവരെ പെയ്ത 105 മില്ലീമീറ്ററിലധികം വരുന്ന കനത്ത മഴയാണ് മേഖലയെ ദുരന്തത്തിലാഴ്ത്തിയത്. മഴയെ തുടര്‍ന്ന് സമീപത്തെ റിവിയര്‍-റൂഷ് (Rivière-Rouge) നദിയും തടാകങ്ങളും കരകവിഞ്ഞൊഴുകി റോഡുകളിലേക്ക് വെള്ളം കയറി. റോഡുകള്‍ തകര്‍ന്നതോടെ പ്രദേശത്തിന്റെ പല ഭാഗങ്ങളും പൂര്‍ണ്ണമായി ഒറ്റപ്പെട്ട അവസ്ഥയിലാണ്. റോഡിന്റെ തകര്‍ന്ന ഭാഗത്തിന് അപ്പുറം നിരവധി ആളുകള്‍ കുടുങ്ങിക്കിടക്കുകയാണെന്നും താല്‍ക്കാലിക സഞ്ചാരപാതകള്‍ വേഗത്തില്‍ നിര്‍മ്മിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും കരാറുകാരനായ സെഡ്രിക് ലെഗോള്‍ട്ട് (Cedric Legault) പറഞ്ഞു.

കനത്ത പ്രളയത്തില്‍ വൈദ്യുതി പോസ്റ്റുകളും ലൈനുകളും തകര്‍ന്നതിനെ തുടര്‍ന്ന് നൂറുകണക്കിന് വീടുകളിലേക്കുള്ള വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ഹൈഡ്രോ-കെബെക് (Hydro-Quebec) ജീവനക്കാര്‍ അറ്റകുറ്റപ്പണികള്‍ നടത്തിവരികയാണ്. ലേക്ക് ഫ്രേസറിന് (Lac Fraser) സമീപമുള്ള താമസക്കാരും വിനോദസഞ്ചാരികളും വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയാന്‍ നിര്‍ബന്ധിതരായി. ‘ജീവിതത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്തത്ര വലിയ പ്രളയവും നാശനഷ്ടങ്ങളുമാണ് കുറഞ്ഞ സമയത്തിനുള്ളില്‍ ഉണ്ടായത്. കാലാവസ്ഥാ വ്യതിയാനം മൂലം ഇത്തരം തീവ്രമായ കൊടുങ്കാറ്റുകളുടെയും പ്രകൃതിദുരന്തങ്ങളുടെയും ആവൃത്തി വര്‍ധിച്ചുവരികയാണ്,’ എന്ന് പ്രാദേശികവാസിയായ പെന്നി ആര്‍ണ്‍ (Penny Arn) ആശങ്ക പ്രകടിപ്പിച്ചു.

മണ്‍ട്രിയല്‍ ഉള്‍പ്പെടെ കെബെക്കിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി ശക്തമായ വെള്ളപ്പൊക്കം തുടരുകയാണ്. റിവിയര്‍-റൂഷ് നദിയിലെ ജലനിരപ്പ് മണിക്കൂറില്‍ എട്ട് സെന്റീമീറ്റര്‍ വീതം ഉയര്‍ന്നുകൊണ്ടിരിക്കുന്നത് ആശങ്ക കൂട്ടുന്നുണ്ട്. ഒറ്റപ്പെട്ട വഴികളുള്ള പ്രദേശങ്ങള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് റോഡുകള്‍ പൂര്‍ണ്ണമായി ഗതാഗതയോഗ്യമാക്കാന്‍ ആഴ്ചകളെടുക്കുമെന്നാണ് അധികൃതരുടെ പ്രാഥമിക വിലയിരുത്തല്‍.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!