Thursday, August 6, 2026

മിഷിഗൺ സെനറ്റ് പ്രൈമറിയിൽ അബ്ദുൽ അൽ സഈദിന് വിജയം; ‘കമ്യൂണിസ്റ്റ്, ജൂതവിരോധി’ എന്ന് ട്രംപ്

ലാൻസിങ്: മിഷിഗൺ ഡെമോക്രാറ്റിക് സെനറ്റ് പ്രൈമറിയിൽ വിജയം നേടിയ അബ്ദുൽ അൽ സഈദിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സഈദിനെ ‘കമ്യൂണിസ്റ്റ്’ എന്നും ‘ജൂതവിരോധി’ എന്നും വിശേഷിപ്പിച്ച ട്രംപ്, അദ്ദേഹത്തിനെതിരെ ശക്തമായ ആരോപണങ്ങൾ ഉന്നയിച്ചു.

പാർട്ടി നേതൃത്വത്തിന്റെ പിന്തുണയുണ്ടായിരുന്ന മിതവാദി സ്ഥാനാർഥി ഹേലി സ്റ്റീവൻസിനെ പരാജയപ്പെടുത്തിയാണ് സഈദ് മിഷിഗൺ സെനറ്റ് സ്ഥാനാർഥിത്വം ഉറപ്പിച്ചത്. വിജയത്തിന് പിന്നാലെയാണ് ട്രംപ് വിമർശനവുമായി രംഗത്തെത്തിയത്.

ലാസ് വെഗാസിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് ട്രംപ് സഈദിനെതിരെ പരാമർശങ്ങൾ നടത്തിയത്. ജൂത സമൂഹത്തോടും ഇസ്രായേലിനോടും സഈദിന് വിരോധമാണെന്നും അദ്ദേഹം ആരോപിച്ചു. ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലും ട്രംപ് സമാന വിമർശനം ആവർത്തിച്ചു.

എന്നാൽ തനിക്കെതിരായ ജൂതവിരുദ്ധ ആരോപണങ്ങൾ അബ്ദുൽ അൽ സഈദ് നിഷേധിച്ചു. ജനങ്ങളെ ഒന്നിപ്പിക്കുന്നതിനെക്കുറിച്ചും ജൂതവിരുദ്ധതയെ അപലപിക്കുന്നതിനെക്കുറിച്ചും തനിക്ക് വ്യക്തമായ നിലപാടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഇസ്രായേലിന് നൽകുന്ന അമേരിക്കൻ സൈനിക സഹായം അവസാനിപ്പിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്ന സഈദ്, ഗസ്സയിലെ ഇസ്രായേൽ സൈനിക നടപടികളെയും വിമർശിച്ചിരുന്നു. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ, ഇത് പണക്കൊഴുപ്പിനെതിരായ ജനങ്ങളുടെ വിജയമാണെന്ന് അദ്ദേഹം പ്രതികരിച്ചു.

തന്റെ എതിരാളിയായ ഹേലി സ്റ്റീവൻസിനായി ഇസ്രായേൽ അനുകൂല ലോബിയായ എഐപിഎസി (AIPAC) ഉൾപ്പെടെയുള്ള സംഘടനകൾ വലിയ തോതിൽ പ്രചാരണ ഫണ്ട് ചെലവഴിച്ചുവെന്നും, എന്നാൽ ജനപിന്തുണ അതിനെ മറികടന്നുവെന്നും സഈദ് അവകാശപ്പെട്ടു. പരാജയം അംഗീകരിച്ച സ്റ്റീവൻസ്, പൊതുതിരഞ്ഞെടുപ്പിൽ സഈദിന് പിന്തുണ പ്രഖ്യാപിച്ചു.

സെനറ്റ് ന്യൂനപക്ഷ നേതാവ് ചക്ക് ഷുമർ ഉൾപ്പെടെയുള്ള മുതിർന്ന ഡെമോക്രാറ്റിക് നേതാക്കളുടെ പിന്തുണ സ്റ്റീവൻസിനുണ്ടായിരുന്നു. അതേസമയം, ബേണി സാൻഡേഴ്‌സ്, അലക്സാണ്ട്രിയ ഒകാസിയോ-കോർട്ടെസ് തുടങ്ങിയ പുരോഗമന നേതാക്കളുടെ പിന്തുണയോടെയാണ് സഈദ് പ്രചാരണം നടത്തിയത്. എല്ലാവർക്കുമുള്ള മെഡികെയർ പദ്ധതിയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന പ്രചാരണ വിഷയം.

വരുന്ന നവംബറിൽ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി മൈക്ക് റോജേഴ്‌സിനെയാണ് അബ്ദുൽ അൽ സഈദ് നേരിടുക. ട്രംപിന്റെ പിന്തുണയുള്ള സ്ഥാനാർഥിയാണ് റോജേഴ്‌സ്. വിജയിച്ചാൽ അമേരിക്കൻ ചരിത്രത്തിലെ ആദ്യ മുസ്‌ലിം സെനറ്ററാകാനുള്ള അവസരമാണ് 41കാരനായ സഈദിന് മുന്നിലുള്ളത്.

മിഷിഗൺ സെനറ്റ് മത്സരം അമേരിക്കൻ സെനറ്റിലെ ഭൂരിപക്ഷ നിയന്ത്രണത്തിൽ നിർണായകമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!