Thursday, August 6, 2026

പീഡനക്കേസിൽ തെഹൽക്ക മുൻ എഡിറ്റർ തരുൺ തേജ്പാൽ കുറ്റക്കാരൻ; വിചാരണക്കോടതി വിധി റദ്ദാക്കി ഹൈക്കോടതി

പനാജി: 2013ലെ സഹപ്രവർത്തകയായ മാധ്യമപ്രവർത്തകയെ പീഡിപ്പിച്ച കേസിൽ തെഹൽക്ക മുൻ എഡിറ്റർ ഇൻ ചീഫ് തരുൺ തേജ്പാൽ കുറ്റക്കാരനെന്ന് ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ച് വിധിച്ചു. 2021ൽ വിചാരണക്കോടതി തേജ്പാലിനെ വെറുതെവിട്ട ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.

ജസ്റ്റിസുമാരായ ഡോ. നീല ഗോഖലെ, അമിത് ജാംസണ്ഡേക്കർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസിൽ വിധി പ്രസ്താവിച്ചത്. വിചാരണക്കോടതി ഉത്തരവിനെതിരെ ഗോവ സർക്കാർ നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ നടപടി.ശിക്ഷ സംബന്ധിച്ച വാദം പൂർത്തിയായിട്ടുണ്ട്. ശിക്ഷാവിധി ഇന്ന് ഉച്ചയ്ക്ക് 2.30ന് പ്രഖ്യാപിക്കും. കോടതിയിൽ ഹാജരായ തേജ്പാൽ, പ്രായം പരിഗണിച്ച് ശിക്ഷയിൽ ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

2013 നവംബർ 7, 8 തീയതികളിൽ ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നടന്ന തെഹൽക്ക പരിപാടിക്കിടെ ലിഫ്റ്റിൽ വെച്ച് തേജ്പാൽ ലൈംഗികമായി ആക്രമിച്ചെന്നായിരുന്നു വനിതാ മാധ്യമപ്രവർത്തകയുടെ പരാതി. കേസിൽ 2013 നവംബർ 30നാണ് തേജ്പാലിനെ അറസ്റ്റ് ചെയ്തത്.

2017ൽ ബലാത്സംഗം, ലൈംഗികാതിക്രമം തുടങ്ങിയ കുറ്റങ്ങൾ ഉൾപ്പെടെ പ്രതിക്കെതിരെ കോടതി കുറ്റം ചുമത്തിയിരുന്നു. കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് തേജ്പാൽ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹർജി കോടതി തള്ളുകയും വിചാരണ ആറുമാസത്തിനകം പൂർത്തിയാക്കാൻ നിർദേശിക്കുകയും ചെയ്തു.

തുടർന്ന് 2021 മേയിൽ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി വിചാരണക്കോടതി തേജ്പാലിനെ വെറുതെ വിട്ടിരുന്നു. ഈ വിധിക്കെതിരായ ഗോവ സർക്കാരിന്റെ അപ്പീലിലാണ് ഇപ്പോൾ ഹൈക്കോടതി നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!