അബുദാബി: യു.എ.ഇയില്‍ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തി. അബുദാബി എമിറേറ്റിലെ അല്‍ ദഫ്രയിലുള്ള ബുദു ദഫ്സ് മേഖലയില്‍ ഇന്നലെ ഉച്ചയ്ക്ക് 12.45-ന് 51.2 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. ദേശീയ കാലാവസ്ഥാ കേന്ദ്രമാണ് (NCM) രാജ്യത്തെ റെക്കോര്‍ഡ് താപനില സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം അല്‍ ദഫ്രയിലെ തന്നെ ഔതൈദില്‍ 50.1 ഡിഗ്രി സെല്‍ഷ്യസും, ഈ മാസം ഒന്നിന് ഷവാമിഖില്‍ 50 ഡിഗ്രി സെല്‍ഷ്യസും താപനില രേഖപ്പെടുത്തിയിരുന്നു.
അതിരൂക്ഷമായ ഉഷ്ണതരംഗത്തിനിടയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ട മഴ തുടരുന്നത് ആശ്വാസമാകുന്നുണ്ട്. ഫുജൈറ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ശക്തമായ മഴ പെയ്തു. വേനലിന്റെ അവസാനഘട്ടമായ ‘ജംറത് അല്‍ ഖൈത്ത്’ എന്ന ഉഷ്ണതരംഗം ഈ മാസം 10 വരെ തുടരുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ കണക്കുകൂട്ടല്‍. ഇതിനുശേഷം കടുത്ത ചൂടില്‍നിന്ന് ആശ്വാസം ലഭിക്കുമെന്നും താപനില ക്രമേണ കുറയുമെന്നും പ്രതീക്ഷിക്കുന്നു.

നാളെ കൂടി രാജ്യത്തെ ചില പ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കടുത്ത ചൂടും ഉയര്‍ന്ന ഈര്‍പ്പവും തുടരുന്ന സാഹചര്യത്തില്‍ ഉച്ചസമയത്ത് നേരിട്ട് വെയില് കൊള്ളുന്നത് ഒഴിവാക്കാനും കനത്ത മുന്‍കരുതലുകള്‍ സ്വീകരിക്കാനും അധികൃതര്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
