തിരുവനന്തപുരം: ഇനിമുതല്‍ ബിരുദ പഠനത്തിന് പ്രവേശനം നേടുന്നതിന് പ്ലസ് ടു പാസായിരിക്കണമെന്ന നിബന്ധന ഒഴിവാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. പത്താം ക്ലാസ് പൂര്‍ത്തിയാക്കിയ ശേഷം ഐ.ടി.ഐ, ഡിപ്ലോമ അല്ലെങ്കില്‍ മറ്റ് അംഗീകൃത ഭാഷാ കോഴ്സുകള്‍ പാസായവര്‍ക്കും ഇനി ബിരുദ കോഴ്സുകളിലേക്ക് നേരിട്ട് പ്രവേശനം നേടാം. മുന്‍ സര്‍ക്കാരിന്റെ കാലത്ത് സമര്‍പ്പിക്കപ്പെട്ട പ്രൊപ്പോസലിനാണ് ഇപ്പോള്‍ ഭരണാനുമതി ലഭിച്ചിരിക്കുന്നത്.
പുതിയ ഉത്തരവ് പ്രകാരം പത്താം ക്ലാസിന് ശേഷം ഐ.ടി.ഐ പാസായ വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദ കോഴ്സുകളുടെ ഒന്നാം വര്‍ഷത്തിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും. മൂന്ന് വര്‍ഷത്തെ പോളിടെക്നിക് ഡിപ്ലോമ പൂര്‍ത്തിയാക്കിയവര്‍ക്ക് ലാറ്ററല്‍ എന്‍ട്രി വഴി ബിരുദ കോഴ്സിന്റെ രണ്ടാം വര്‍ഷത്തിലേക്ക് (മൂന്നാം സെമസ്റ്റര്‍) പ്രവേശനം നേടാനും അവസരമൊരുങ്ങും. ദേശീയ ക്രെഡിറ്റ് ഫ്രെയിംവര്‍ക്കിന്റെ (National Credit Framework) അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ഈ നയം 2027-28 അധ്യയന വര്‍ഷം മുതലാണ് പ്രാബല്യത്തില്‍ വരിക. തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും ഉന്നത വിദ്യാഭ്യാസവും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കാനും തുടര്‍പഠനത്തിന് ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കാനുമാണ് സര്‍ക്കാര്‍ ഈ തീരുമാനമെടുത്തത്.

സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലും അഫിലിയേറ്റഡ് കോളജുകളിലും പുതിയ മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
