Thursday, August 6, 2026

പഴയ ടയറുകള്‍ കെട്ടിക്കിടക്കുന്നു; സംഭരണ സ്ഥലമില്ലാതെ വലഞ്ഞ് ബാരിയിലെ വ്യാപാരികളും ലാന്‍ഡ്ഫില്ലുകളും

ബാരി: ഉപയോഗിച്ച ടയറുകളുടെ ശേഖരണവും പുനരുപയോഗവും (recycling) മന്ദഗതിയിലായതോടെ ബാരിയില്‍ ഓട്ടോമോട്ടീവ് കടയുടമകളും പ്രാദേശിക ലാന്‍ഡ്ഫില്ലുകളും വലിയ പ്രതിസന്ധിയിലായി. ബാരിയിലെ ‘ടോപ്പ് ടിയര്‍ വീല്‍സ്’ ഉടമ സ്‌പെന്‍സര്‍ ഗ്രാബിന്‍സ്‌കിയെപ്പോലുള്ള വ്യാപാരികള്‍ പഴയ ടയറുകള്‍ സൂക്ഷിക്കാന്‍ സ്ഥലമില്ലാതെ വലയുകയാണ്. മുന്‍പ് ആഴ്ചതോറും ടയറുകള്‍ ശേഖരിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ മാസങ്ങളോളം ഇവ കെട്ടിക്കിടക്കുകയാണെന്ന് അദ്ദേഹം പറയുന്നു. ബിസിനസ്സ് തടസ്സമില്ലാതെ നടത്താന്‍ ശ്രമിക്കുമ്പോഴും സ്ഥല പരിമിതി വലിയ വെല്ലുവിളിയാകുന്നതായി വ്യാപാരികള്‍ വ്യക്തമാക്കുന്നു.

ടയര്‍ ഉല്‍പ്പാദകര്‍ നിര്‍ബന്ധമായും ശേഖരിച്ച് സംസ്‌കരിക്കേണ്ട ടയറുകളുടെ അളവിലുള്ള സര്‍ക്കാരിന്റെ പുതിയ നയമാറ്റമാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് ഒന്റാറിയോ ടയര്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ചൂണ്ടിക്കാണിക്കുന്നു. മുന്‍പ് വില്പന നടത്തുന്ന മൊത്തം ടയറുകളുടെ 85 ശതമാനം ശേഖരിക്കണമെന്നുണ്ടായിരുന്ന സ്ഥാനത്ത്, നിലവില്‍ ടയറുകളുടെ മൊത്തം ഭാരത്തിന്റെ 65 ശതമാനം മാത്രം കൈകാര്യം ചെയ്താല്‍ മതിയെന്നാണ് പുതിയ നിയമം. അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആദം മോഫറ്റ് വ്യക്തമാക്കുന്നതനുസരിച്ച്, ശേഖരണ കേന്ദ്രങ്ങളുടെ എണ്ണം കുറഞ്ഞതും പ്രശ്‌നം വഷളാക്കി.

സര്‍ക്കാര്‍ നിശ്ചയിച്ച ലക്ഷ്യം ഉല്‍പ്പാദകര്‍ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ കൈവരിക്കുന്നതിനാല്‍ പിന്നീട് ശേഖരണം പൂര്‍ണ്ണമായും നിലയ്ക്കുകയാണെന്ന് സിംകോ കൗണ്ടി സോളിഡ് വേസ്റ്റ് ഡയറക്ടര്‍ റോബ് മക്കല്ല ചൂണ്ടിക്കാട്ടി. നിലവില്‍ സിംകോ കൗണ്ടിയിലെ എട്ട് ലാന്‍ഡ്ഫില്ലുകളിലായി മുപ്പതിനായിരത്തോളം ഉപയോഗിച്ച ടയറുകള്‍ കെട്ടിക്കിടക്കുന്നുണ്ട്. ഇതിനുപുറമെ ബാരി നഗരത്തിലെ ലാന്‍ഡ്ഫില്ലില്‍ മാത്രം നാലായിരത്തിലധികം ടയറുകള്‍ അടിഞ്ഞുകൂടിയിട്ടുണ്ട്. ബങ്കറുകളില്‍ ഉള്‍ക്കൊള്ളാന്‍ കഴിയാത്തത്ര അളവില്‍ ടയറുകള്‍ എത്തുന്നതിനാല്‍ സുരക്ഷ മുന്‍നിര്‍ത്തി ഇവ വെവ്വേറെ മാറ്റിയിടേണ്ട അവസ്ഥയിലാണ് അധികൃതര്‍.

ടയറുകള്‍ക്ക് പെട്ടെന്ന് തീപിടിക്കില്ലെങ്കിലും ഒരിക്കല്‍ തീപിടിച്ചാല്‍ അണയ്ക്കുക എന്നത് ഏറെ ദുഷ്‌കരമാണെന്ന് ബാരി ഫയര്‍ ചീഫ് കെവിന്‍ വൈറ്റ് മുന്നറിയിപ്പ് നല്‍കുന്നു. ഒന്റാറിയോ ഫയര്‍ കോഡ് അനുസരിച്ച് നിലവില്‍ ലാന്‍ഡ്ഫില്ലുകളില്‍ ടയറുകള്‍ പ്രത്യേക ബിന്നുകളിലാക്കി സുരക്ഷിതമായി തരംതിരിച്ചിട്ടുണ്ടെന്ന് അദ്ദേഹം ഉറപ്പുനല്‍കി. എന്നാല്‍, സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ടയര്‍ ശേഖരണത്തില്‍ അടിയന്തര പരിഹാരം ഉണ്ടായില്ലെങ്കില്‍ വരും ദിവസങ്ങളില്‍ സംഭരണ സ്ഥലം പൂര്‍ണ്ണമായും തീര്‍ന്നുപോകുമെന്ന ആശങ്കയിലാണ് ഓട്ടോമോട്ടീവ് മേഖലയിലുള്ളവര്‍.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!