ബെംഗളൂരു: മുസ്ലിം ആയതിന്റെ പേരിൽ മാത്രം ഭരണഘടനാ പദവിയിലുള്ള ഒരു ഐഎഎസ് ഉദ്യോഗസ്ഥയെ ‘പാക്കിസ്ഥാനി’ എന്ന് വിളിച്ച് അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് കർണാടക ഹൈക്കോടതി. കലബുറഗി ഡെപ്യൂട്ടി കമ്മീഷണർ ഫൗസിയ തരണത്തിനെതിരെ വർഗീയ പരാമർശം നടത്തിയെന്ന കേസിൽ ബിജെപി എംഎൽസി എൻ. രവികുമാറിനെതിരെയാണ് കോടതിയുടെ രൂക്ഷ വിമർശനം.
തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രവികുമാർ സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് എം. നാഗപ്രസന്നയുടെ സിംഗിൾ ബെഞ്ച് കടുത്ത നിരീക്ഷണം നടത്തിയത്. “അവർ കർണാടക സംസ്ഥാനത്തെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥയാണ്. മുസ്ലിം ആയതുകൊണ്ട് മാത്രം അവരെ പാക്കിസ്ഥാനി എന്ന് വിളിച്ചുള്ള പ്രസ്താവന മാപ്പുനൽകാൻ കഴിയാത്തതാണ്. ഇത്തരം പരാമർശങ്ങൾ വെച്ചുപൊറുപ്പിക്കാനാകില്ല,” കോടതി വ്യക്തമാക്കി.
രാഷ്ട്രീയ വൈരവും പരസ്പരം ചെളിവാരിയെറിയുന്ന സംസ്കാരവും അവസാനിപ്പിക്കണമെന്ന് കോടതി രാഷ്ട്രീയ നേതാക്കളോട് ആവശ്യപ്പെട്ടു. ജനക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് നേതാക്കൾ സംസാരിക്കേണ്ടതെന്നും അനാവശ്യവും പ്രകോപനപരവുമായ പ്രസ്താവനകൾ ജനങ്ങൾക്ക് താൽപര്യമില്ലാത്തതാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ഉദ്യോഗസ്ഥയോട് മാപ്പപേക്ഷ നൽകിയിട്ടുണ്ടെന്ന രവികുമാറിന്റെ വാദവും കോടതി തള്ളി. ഗുരുതരമായ പരാമർശങ്ങൾ മൂലം ഉണ്ടായ ആഘാതവും കേടുപാടുകളും പിന്നീട് നടത്തുന്ന മാപ്പപേക്ഷകൊണ്ട് ഇല്ലാതാകില്ലെന്ന് കോടതി നിരീക്ഷിച്ചു.

2025 മേയിൽ കർണാടക നിയമനിർമാണ കൗൺസിലിലെ പ്രതിപക്ഷ നേതാവ് ചളവാദി നാരായണസ്വാമിയെ സർക്കാർ ഗസ്റ്റ് ഹൗസിൽ കസ്റ്റഡിയിൽ വെച്ചതിൽ പ്രതിഷേധിച്ച് ബിജെപി നടത്തിയ ‘കലബുറഗി ചലോ’ മാർച്ചിനിടെയാണ് രവികുമാറിന്റെ വിവാദ പരാമർശം ഉണ്ടായത്.
ഉദ്യോഗസ്ഥയെ ‘പാക്കിസ്ഥാനി’ എന്ന് വിളിച്ച് അധിക്ഷേപിച്ചതിനെതിരെ പ്രദേശവാസി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയിലെ (BNS) 196(1)(a)(b), 353(2) വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്.
പ്രതിഷേധക്കാർ ദേശീയപതാകയുമായി പ്രകടനം നടത്തുന്നത് ജില്ലാ ഭരണകൂടം തടഞ്ഞിട്ടുണ്ടെങ്കിൽ അതിനെതിരെ നിയമനടപടി സ്വീകരിക്കാമെന്നും, എന്നാൽ അതിന്റെ പേരിൽ ഉദ്യോഗസ്ഥർക്കെതിരെ അപകീർത്തികരവും മോശവുമായ പരാമർശങ്ങൾ നടത്താൻ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.കേസ് റദ്ദാക്കണമെന്ന ഹർജിയിലെ തുടർവാദം ഓഗസ്റ്റ് 20-ലേക്ക് മാറ്റി.
