Saturday, August 8, 2026

വ്യാജവാർത്ത ഷെയർ ചെയ്താൽ പണി കിട്ടും; വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾക്കും UAE സൈബർ നിയമം

യുഎഇ: ഫാമിലി, ഫ്രണ്ട്സ് ഗ്രൂപ്പുകളിലൂടെയും മറ്റ് ചാറ്റുകളിലൂടെയും ലഭിക്കുന്ന സന്ദേശങ്ങൾ യാതൊരു പരിശോധനയും കൂടാതെ ഫോർവേഡ് ചെയ്യരുതെന്ന് യുഎഇ ടെലികോം അതോറിറ്റി മുന്നറിയിപ്പ് നൽകി. വിവരങ്ങളുടെ സത്യസന്ധത ഉറപ്പാക്കിയ ശേഷം മാത്രമേ സന്ദേശങ്ങൾ മറ്റുള്ളവർക്ക് കൈമാറാവൂ എന്നും അധികൃതർ നിർദേശിച്ചു.

തെറ്റായ വിവരങ്ങളും വ്യാജവാർത്തകളും അതിവേഗം പ്രചരിക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് മുന്നറിയിപ്പ്. വാർത്തകളുടെ ആധികാരികത ഔദ്യോഗിക സ്രോതസ്സുകളിലൂടെയോ വിശ്വസനീയമായ മാധ്യമങ്ങളിലൂടെയോ പരിശോധിക്കണമെന്നും അധികൃതർ വ്യക്തമാക്കി.അശ്രദ്ധ മൂലം ആരെങ്കിലും തെറ്റായ സന്ദേശം പങ്കുവെച്ചാൽ, അത് മനഃപൂർവമല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് മാന്യമായ രീതിയിൽ തിരുത്തൽ നൽകുന്നതും തെറ്റായ വിവരങ്ങളുടെ വ്യാപനം തടയാൻ സഹായിക്കുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

വ്യാജ സന്ദേശങ്ങൾ തിരിച്ചറിയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • സന്ദേശങ്ങളിലെ വ്യാകരണ, അക്ഷരപ്പിശകുകൾ
  • സംശയാസ്പദമായ ഡൊമെയ്ൻ പേരുകളും ലിങ്കുകളും
  • ഔദ്യോഗിക വാർത്താ പോർട്ടലുകളെ അനുകരിച്ച് നിർമിച്ച വ്യാജ വെബ്‌സൈറ്റുകളിലെ അസ്വാഭാവിക ലേഔട്ടുകൾ
  • ഉറവിടം വ്യക്തമല്ലാത്തതോ സ്ഥിരീകരിക്കാൻ കഴിയാത്തതോ ആയ അവകാശവാദങ്ങൾ

സ്വകാര്യ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾക്കും നിയമം ബാധകം

സ്വകാര്യ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ ചാറ്റുകൾക്കും യുഎഇയിലെ സൈബർ നിയമങ്ങൾ ബാധകമാണെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മറ്റൊരാൾ സൃഷ്ടിച്ച വ്യാജവാർത്തയോ നിയമവിരുദ്ധമായ സന്ദേശമോ വീണ്ടും ഫോർവേഡ് ചെയ്യുന്നത് ചില സാഹചര്യങ്ങളിൽ അത് വീണ്ടും പ്രസിദ്ധീകരിക്കുന്നതിന് തുല്യമായി കണക്കാക്കപ്പെടാം.

സന്ദേശം ഫോർവേഡ് ചെയ്യുമ്പോൾ ദുരുദ്ദേശമില്ലായിരുന്നുവെന്നത് മാത്രം നിയമപരമായ ഉത്തരവാദിത്തം ഒഴിവാക്കണമെന്നില്ലെന്നും, സന്ദേശത്തിന്റെ ഉള്ളടക്കവും അത് സമൂഹത്തിൽ ഉണ്ടാക്കിയേക്കാവുന്ന ആഘാതവും ഉൾപ്പെടെയുള്ള സാഹചര്യങ്ങൾ പരിഗണിച്ചായിരിക്കും നിയമനടപടികളെന്നും വിദഗ്ധർ പറയുന്നു.

ചാറ്റ് ലോഗുകൾ, സ്ക്രീൻഷോട്ടുകൾ, മെറ്റാഡാറ്റ തുടങ്ങിയ ഡിജിറ്റൽ രേഖകൾ അന്വേഷണത്തിനും നിയമനടപടികൾക്കും തെളിവായി ഉപയോഗിക്കാനാകുമെന്നും നിയമവിദഗ്ധർ വ്യക്തമാക്കി.

അനുമതിയില്ലാതെ ചിത്രങ്ങളോ സ്വകാര്യ സംഭാഷണങ്ങളോ പങ്കുവെക്കുന്നതും അപകീർത്തികരമായ ഉള്ളടക്കം ഫോർവേഡ് ചെയ്യുന്നതും ഗുരുതരമായ നിയമപ്രശ്നങ്ങൾക്കും സാമ്പത്തിക പിഴകൾക്കും ഇടയാക്കാമെന്നും ബി.എസ്.എ ലോയിലെ നിയമവിദഗ്ധൻ സാം മൂർ ചൂണ്ടിക്കാട്ടി.

അതുകൊണ്ട് വാട്ട്‌സ്ആപ്പിലോ മറ്റ് ചാറ്റുകളിലോ ലഭിക്കുന്ന സന്ദേശങ്ങൾ മറ്റുള്ളവർക്ക് അയയ്ക്കുന്നതിന് മുമ്പ് ഉറവിടവും ഉള്ളടക്കത്തിന്റെ സത്യാവസ്ഥയും നിർബന്ധമായും പരിശോധിക്കണമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!