ടൊറന്റോ: ഇന്ധനവില ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ ഫെഡറൽ സർക്കാർ ഏർപ്പെടുത്തിയ ഇന്ധന നികുതി ഇളവ് സ്ഥിരമാക്കുകയോ കുറഞ്ഞത് 2027 ജനുവരി 1 വരെ നീട്ടുകയോ ചെയ്യണമെന്ന് ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡ്. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി മാർക്ക് കാർണിക്ക് അയച്ച കത്ത് ഫോർഡ് പുറത്തുവിട്ടു.
നിലവിലെ ഇളവിന്റെ കാലാവധി ഒരു മാസത്തിനകം അവസാനിക്കാനിരിക്കെയാണ് ഒന്റാരിയോ പ്രീമിയറുടെ ഇടപെടൽ. ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ നികുതി ഇളവ് പിൻവലിക്കുന്നത് കുടുംബങ്ങൾക്കും സാധാരണ ഉപഭോക്താക്കൾക്കും അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് ഫോർഡ് ചൂണ്ടിക്കാട്ടി.
ഇന്ധനവില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഫെഡറൽ ഫ്യുവൽ എക്സൈസ് നികുതി ലേബർ ഡേ വരെ താൽക്കാലികമായി ഒഴിവാക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി ഏപ്രിലിൽ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി പെട്രോളിന് ലിറ്ററിന് 10 സെന്റും ഡീസലിന് ലിറ്ററിന് 4 സെന്റും ഇളവ് ലഭിക്കുന്നുണ്ട്.
എന്നാൽ ഇന്ധനവില ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ നികുതി വീണ്ടും ഏർപ്പെടുത്തുന്നത് ജനങ്ങൾക്ക് തിരിച്ചടിയാകുമെന്ന് ഫോർഡ് പറഞ്ഞു. വിലക്കയറ്റത്തിന്റെ സമ്മർദം നേരിടുന്ന കുടുംബങ്ങൾക്ക് ആശ്വാസം നൽകാൻ നികുതി ഇളവ് തുടരേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഒന്റാരിയോ മാതൃക പിന്തുടരണമെന്ന് ഫോർഡ്
ഒന്റാരിയോ സർക്കാർ നേരത്തെ പ്രൊവിൻഷ്യൽ ഇന്ധന നികുതിയിൽ 5.7 സെന്റ് ഇളവ് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വർഷം ഈ ഇളവ് സ്ഥിരമാക്കിയതോടെ പ്രവിശ്യയിലെ ഇന്ധന നികുതി ലിറ്ററിന് 9 സെന്റായി നിലനിർത്താൻ സാധിച്ചതായി ഫോർഡ് ചൂണ്ടിക്കാട്ടി.ഒന്റാരിയോ സ്വീകരിച്ച മാതൃക ഫെഡറൽ സർക്കാരും പിന്തുടരണമെന്നും ഇന്ധന നികുതി ഇളവ് സ്ഥിരമാക്കണമെന്നും ഫോർഡ് ആവശ്യപ്പെട്ടു.
ജിഎസ്ടിയും ഒഴിവാക്കണമെന്ന് പ്രതിപക്ഷം
ഇതിനിടെ ഇന്ധന നികുതി വിഷയത്തിൽ ഫെഡറൽ സർക്കാരിനെതിരെ പ്രതിപക്ഷവും രംഗത്തെത്തി. ഫെഡറൽ ഫ്യുവൽ എക്സൈസ് നികുതിക്ക് പുറമേ ഇന്ധനത്തിന്മേലുള്ള ജിഎസ്ടിയും താൽക്കാലികമായി ഒഴിവാക്കണമെന്ന് ഫെഡറൽ കൺസർവേറ്റീവ് പാർട്ടി നേതാവ് പിയറി പൊയ്ലിവർ ആവശ്യപ്പെട്ടു.ക്ലീൻ ഫ്യുവൽ സ്റ്റാൻഡേർഡും വ്യവസായ മേഖലയിലെ കാർബൺ നികുതിയും പൂർണമായി ഒഴിവാക്കണമെന്നും പൊയ്ലിവർ ആവശ്യപ്പെട്ടു.
