Monday, August 10, 2026

ഇ-സ്‌കൂട്ടറുകളുടെ ദുരുപയോഗം; കര്‍ശന നടപടിയുമായി ഓട്ടവ പോലീസ്

ഓട്ടവ: ഇ-സ്‌കൂട്ടറുകളുടെ (E-scooter) ദുരുപയോഗം തടയുന്നതിനായി പരിശോധന കര്‍ശനമാക്കി ഓട്ടവ പോലീസ്. കുട്ടികള്‍ അനധികൃതമായി ഇ-സ്‌കൂട്ടറുകള്‍ ഓടിക്കുന്നത് വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് നഗരത്തിലുടനീളം പ്രത്യേക പരിശോധനാ ഡ്രൈവുകള്‍ ആരംഭിച്ചിരിക്കുന്നത്. ഫിന്‍ഡ്ലെ ക്രീക്ക്, റിവര്‍സൈഡ് സൗത്ത് തുടങ്ങിയ മേഖലകള്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ പോലീസിന്റെ പരിശോധന പുരോഗമിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനം ഓടിക്കുന്നത് തടയുക, അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിങും നിയന്ത്രിക്കുക എന്നിവയാണ് ഈ നടപടിയിലൂടെ പോലീസ് ലക്ഷ്യമിടുന്നത്.

ഓട്ടവയിലെ നിയമപ്രകാരം 16 വയസ്സ് തികഞ്ഞവര്‍ക്ക് മാത്രമേ ഇ-സ്‌കൂട്ടറുകള്‍ ഉപയോഗിക്കാന്‍ അനുമതിയുള്ളൂ. എന്നാല്‍ ഈ നിയമം ലംഘിച്ച് ധാരാളം കുട്ടികള്‍ ഇ-സ്‌കൂട്ടറുകള്‍ ഓടിക്കുന്നതായി പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇ-സ്‌കൂട്ടര്‍ അപകടങ്ങളില്‍പ്പെട്ട് കുട്ടികള്‍ ചികിത്സ തേടുന്ന സംഭവങ്ങളില്‍ 50 ശതമാനം വര്‍ധനയുണ്ടായതായി ഈസ്റ്റേണ്‍ ഒന്റാരിയോയിലെ ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ (CHEO) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ടൊറന്റോ, മണ്‍ട്രിയോള്‍ തുടങ്ങിയ നഗരങ്ങളിലും സമാനമായ രീതിയില്‍ അപകടങ്ങള്‍ വര്‍ധിച്ചുവരികയാണ്.

നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കനത്ത പിഴയാണ് പോലീസ് ചുമത്തുന്നത്. 18 വയസ്സില്‍ താഴെയുള്ളവര്‍ ഹെല്‍മെറ്റ് ഇല്ലാതെ വാഹനമോടിച്ചാല്‍ 80 ഡോളറും, 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ വാഹനമോടിച്ചാല്‍ ഏകദേശം 170 ഡോളറുമാണ് പിഴ. ഇ-സ്‌കൂട്ടറുകളുടെ പരമാവധി വേഗത മണിക്കൂറില്‍ 24 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും, പലരും ഇതിലും ഉയര്‍ന്ന വേഗതയിലാണ് സഞ്ചരിക്കുന്നത്. കാല്‍നടയാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി നടപ്പാതകളില്‍ ഇ-സ്‌കൂട്ടറുകള്‍ ഓടിക്കുന്നത് പൂര്‍ണ്ണമായി നിരോധിച്ചിട്ടുണ്ട്.

വാടകയ്ക്ക് നല്‍കുന്ന ഇ-സ്‌കൂട്ടറുകളില്‍ ജിയോ-ഫെന്‍സിങ്് സംവിധാനം ഉള്ളതിനാല്‍ അവ നടപ്പാതകളില്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. എന്നാല്‍ സ്വകാര്യമായി വാങ്ങുന്ന ഇ-സ്‌കൂട്ടറുകളിലാണ് കൂടുതല്‍ നിയമലംഘനങ്ങള്‍ കണ്ടുവരുന്നത്. പല പ്രമുഖ കടകളിലും ഓണ്‍ലൈനിലും ഇവ എളുപ്പത്തില്‍ ലഭ്യമാകുന്നതിനാല്‍, അപകടസാധ്യതകളെക്കുറിച്ച് ചിന്തിക്കാതെയാണ് പല മാതാപിതാക്കളും കുട്ടികള്‍ക്ക് ഇവ വാങ്ങി നല്‍കുന്നത്. അതിനാല്‍ കുട്ടികള്‍ക്ക് ഇ-സ്‌കൂട്ടറുകള്‍ വാങ്ങി നല്‍കുന്നതിന് മുന്‍പ് മാതാപിതാക്കള്‍ കൃത്യമായ ജാഗ്രത പുലര്‍ത്തണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!