ഡൽഹി: സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള ബിൽ ലോക്സഭ പാസാക്കി. പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടെ യാതൊരു ചർച്ചയും കൂടാതെയാണ് ബില്ലിന് സഭ അംഗീകാരം നൽകിയത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് അവതരിപ്പിച്ച ബില്ലിലെ നടപടിക്രമങ്ങൾ ആറ് മിനിറ്റിനുള്ളിൽ പൂർത്തിയാക്കി.
സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കി മാറ്റുന്നതിനായി ഭരണഘടനയുടെ ഒന്നാം പട്ടിക ഭേദഗതി ചെയ്യുന്നതാണ് ബിൽ. കഴിഞ്ഞ ദിവസം ബിൽ ലോക്സഭയിൽ അവതരിപ്പിച്ചിരുന്നെങ്കിലും പ്രതിപക്ഷ ബഹളത്തെ തുടർന്ന് അന്നുതന്നെ പാസാക്കാനുള്ള സർക്കാർ നീക്കം നടന്നില്ല.

തുടർന്ന് ഇന്ന് രാവിലെ പുറത്തിറക്കിയ പുതുക്കിയ കാര്യപരിപാടി പട്ടികയിൽ ഉൾപ്പെടുത്തിയാണ് ബിൽ വീണ്ടും പരിഗണനയ്ക്ക് എടുത്തത്. സഹകരണ വികസന കോർപ്പറേഷൻ ബില്ലിനൊപ്പമാണ് ‘കേരളം’ ബിൽ സഭയുടെ പരിഗണനയ്ക്ക് എത്തിയത്.
പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെയാണ് ബില്ലിന്മേലുള്ള നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി ലോക്സഭ അംഗീകാരം നൽകിയത്. ഇനി ബിൽ രാജ്യസഭയുടെ പരിഗണനയ്ക്ക് എത്തും.
