തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ വാഹനാപകടത്തിൽ കൊല്ലപ്പെട്ട കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു. അഡ്വ. സന്തോഷ് കുമാറിനെയാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്. ബഷീറിന്റെ കുടുംബം സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും വിചാരണക്കോടതി മാറ്റണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് സർക്കാർ നടപടി.
കുടുംബത്തിന്റെ ആവശ്യം പരിഗണിച്ച് ആഭ്യന്തര വകുപ്പ് നടപടിയെടുക്കുമെന്ന് നേരത്തെ ഉറപ്പുനൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നിയമന ഉത്തരവ് പുറത്തിറങ്ങിയത്. കേസിൽ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമനുവേണ്ടി മുതിർന്ന അഭിഭാഷകൻ ബി. രാമൻപിള്ളയാണ് ഹാജരാകുന്നത്. തിരുവനന്തപുരം കോടതിയിലാണ് നിലവിൽ വിചാരണ നടപടികൾ പുരോഗമിക്കുന്നത്.
2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ ഒരു മണിയോടെയാണ് തിരുവനന്തപുരം മ്യൂസിയത്തിന് സമീപം കെ.എം. ബഷീറിന്റെ മരണത്തിനിടയാക്കിയ അപകടമുണ്ടായത്. ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ചിരുന്ന കാർ ഇടിച്ചാണ് സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന ബഷീർ മരിച്ചത്. വാഹനം വഫ ഫിറോസിന്റെ പേരിലായിരുന്നു.

അപകടത്തിന് പിന്നാലെ വാഹനം ഓടിച്ചിരുന്നത് വഫ ഫിറോസാണെന്ന് സ്ഥാപിക്കാനുള്ള ശ്രമം നടന്നുവെന്ന ആരോപണം ഉയർന്നിരുന്നു. എന്നാൽ ദൃക്സാക്ഷികളുടെയും മാധ്യമപ്രവർത്തകരുടെയും ഇടപെടലിനെ തുടർന്ന് അന്വേഷണം ശ്രീറാം വെങ്കിട്ടരാമനിലേക്ക് നീളുകയായിരുന്നു.
കേസിൽ നിലവിൽ ശ്രീറാം വെങ്കിട്ടരാമൻ മാത്രമാണ് പ്രതി. രണ്ടാം പ്രതിയായിരുന്ന വഫ ഫിറോസിനെ കോടതി നേരത്തെ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു. മനഃപൂർവ്വമല്ലാത്ത നരഹത്യ, മദ്യപിച്ച് അപകടകരമായ രീതിയിൽ വാഹനമോടിക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ശ്രീറാമിനെതിരെ ചുമത്തിയിട്ടുള്ളത്.സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമനം കേസിന്റെ തുടർവിചാരണയിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.
