വന്‍കൂവര്‍: ബി.സി.യിലെ ക്ലിന്റണ് വില്ലേജില്‍ കാട്ടുതീയെ തുടര്‍ന്ന് പുറപ്പെടുവിച്ച ഒഴിപ്പിക്കല്‍ ഉത്തരവ് ലംഘിച്ചവര്‍ക്ക് പിഴ ചുമത്തി അധികൃതര്‍. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 15,000 ഡോളറിലധികം പിഴ ചുമത്തിയതായി അധികൃതര്‍ അറിയിച്ചു. ജൂലൈ 24-നാണ് നിയന്ത്രണാതീതമായി പടരുന്ന പിയര്‍ ലേക്ക് (Pear Lake) കാട്ടുതീയെ തുടര്‍ന്നാണ് പ്രദേശവാസികളോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദ്ദേശം നല്‍കിയത്. നിലവില്‍ ഈ കാട്ടുതീ 1,500 ചതുരശ്ര കിലോമീറ്ററോളം വ്യാപിച്ചിട്ടുണ്ട്.
ഒഴിപ്പിക്കല്‍ ഉത്തരവ് ലംഘിച്ച് പ്രവേശിക്കുന്നവര്‍ക്ക് 1,150 ഡോളര്‍ വീതമാണ് പിഴ ഈടാക്കുന്നത്. ജനങ്ങള്‍ നേരിടുന്ന അനിശ്ചിതത്വവും പ്രയാസങ്ങളും മനസ്സിലാക്കുന്നുവെന്നും, എന്നാല്‍ സുരക്ഷ മുന്‍നിര്‍ത്തി ഉത്തരവ് കര്‍ശനമായി പാലിക്കണമെന്നും നിയമലംഘകര്‍ക്കെതിരെ ഇനിയും പിഴ നടപടികള്‍ ഉണ്ടാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി.

ഒഴിഞ്ഞുകിടക്കുന്ന വീടുകളിലോ സ്ഥാപനങ്ങളിലോ കവര്‍ച്ച നടന്നതായി റിപ്പോര്‍ട്ടുകളില്ലെന്നും ആര്.സി.എം.പിയും സെക്യൂരിറ്റി ജീവനക്കാരും പ്രദേശം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും വില്ലേജ് പ്രസ്താവനയില്‍ വ്യക്തമാക്കി. പ്രദേശത്ത് വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചതിനാല്‍ ചിലര്‍ക്ക് നിരീക്ഷണ ക്യാമറകള്‍ വഴി വസ്തുവകകള്‍ കാണാന്‍ സാധിക്കുന്നുണ്ട്. നാശനഷ്ടങ്ങളുടെ പൂര്‍ണ്ണമായ കണക്കെടുപ്പ് തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.
