ലണ്ടന്‍: ഇംഗ്ലണ്ടിലെ ഈസ്റ്റ് സസെക്‌സില്‍ യാത്രക്കാരുമായി പോയ ട്രെയിന്‍ പാളം തെറ്റി. ട്രെയിനിന്റെ പിന്നിലെ മൂന്ന് ബോഗികള്‍ പാളത്തില്‍നിന്ന് തെറിച്ച് സമീപത്തെ വയലിലേക്ക് മറിഞ്ഞു. അപകടത്തില്‍ 20 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ 2 പേരുടെ നില ഗുരുതരമാണ്. അപകടത്തില്‍ മരണങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വ്യാഴാഴ്ച വൈകിട്ട് 3.44ഓടെയാണ് ലൂയിസിന് സമീപം അപകടമുണ്ടായത്. ഏകദേശം 150 യാത്രക്കാരാണ് ട്രെയിനിലുണ്ടായിരുന്നത്.
ലണ്ടന്‍ വിക്ടോറിയയില്‍ നിന്ന് ഈസ്റ്റ്‌ബോണിലേക്ക് പോകുകയായിരുന്ന സതേണ്‍ ട്രെയിനാണ് ഹേവാര്‍ഡ്‌സ് ഹീത്തിനും ലൂയിസിനുമിടയില്‍ പാളം തെറ്റിയത്. ബ്രിട്ടിഷ് ട്രാന്‍സ്‌പോര്‍ട്ട് പൊലീസ്, സസെക്‌സ് പൊലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ്, ആംബുലന്‍സ് സര്‍വീസ്, നെറ്റ്വര്‍ക്ക് റെയില്‍ എന്നിവ സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഈസ്റ്റ് സസെക്‌സ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് പത്ത് ഫയര്‍ എന്‍ജിനുകളും സാങ്കേതിക രക്ഷാപ്രവര്‍ത്തക സംഘങ്ങളും ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ സ്ഥലത്തെത്തിച്ചു. ആദ്യഘട്ടത്തില്‍ ചില യാത്രക്കാര്‍ ട്രെയിനിനുള്ളില്‍ കുടുങ്ങിയിരുന്നെങ്കിലും എല്ലാവരെയും സുരക്ഷിതമായി പുറത്തെടുത്തതായി ബ്രിട്ടിഷ് ട്രാന്‍സ്‌പോര്‍ട്ട് പൊലീസ് അറിയിച്ചു.

ട്രെയിന്‍ പാളം തെറ്റാനുള്ള കൃത്യമായ കാരണം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. റെയില്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച് സംഭവസ്ഥലത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബ്രിട്ടിഷ് ട്രാന്‍സ്‌പോര്‍ട്ട് പൊലീസ് സംഭവത്തെ മേജര്‍ ഇന്‍സിഡന്റായി പ്രഖ്യാപിച്ചു. റെയില്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ചുമായി സഹകരിച്ച് അന്വേഷണവും പുരോഗമിക്കുകയാണ്. പാളത്തിന്റെ അവസ്ഥ, ട്രെയിനിന്റെ സാങ്കേതിക വിവരങ്ങള്‍, അപകടത്തിന് മുമ്പുള്ള സാഹചര്യങ്ങള്‍ എന്നിവ ഉള്‍പ്പെടെ വിവിധ കാര്യങ്ങള്‍ അന്വേഷണത്തില്‍ പരിശോധിക്കും.
