തിരുവനന്തപുരം: ഓണക്കാല യാത്രാ തിരക്ക് കണക്കിലെടുത്ത് ബംഗളൂരു-എറണാകുളം വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകളുടെ എണ്ണം വർധിപ്പിച്ചു. നിലവിലെ കോച്ചുകളുടെ എണ്ണം എട്ടിൽ നിന്ന് 16 ആക്കി ഉയർത്തി. പുതുക്കിയ കോച്ചുകളുമായുള്ള സർവീസ് തിങ്കളാഴ്ച മുതൽ ആരംഭിക്കും.
ഓണക്കാലത്ത് ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എത്തുന്ന യാത്രക്കാർക്ക് തീരുമാനം വലിയ ആശ്വാസമാകും. വന്ദേഭാരതിൽ കോച്ചുകളുടെ എണ്ണം വർധിപ്പിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ അറിയിച്ചിരുന്നു. കോച്ചുകളുടെ എണ്ണം 20 ആയി ഉയർത്തണമെന്ന് എംപി ഹൈബി ഈഡനും ലോക്സഭയിൽ ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ വർഷം നവംബറിലാണ് ബംഗളൂരു-എറണാകുളം വന്ദേഭാരത് സർവീസ് ആരംഭിച്ചത്. ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ സർവീസ് യാത്രക്കാരുടെ ഇടയിൽ വലിയ സ്വീകാര്യത നേടി. തിരക്ക് വർധിച്ചതിനെ തുടർന്നാണ് കൂടുതൽ കോച്ചുകൾ അനുവദിച്ചത്.
16 കോച്ചുകളാകുന്നതോടെ ട്രെയിനിലെ ആകെ സീറ്റുകളുടെ എണ്ണം 530ൽ നിന്ന് 1,128 ആയി ഉയരും. ഇതോടെ 598 അധിക സീറ്റുകൾ യാത്രക്കാർക്ക് ലഭ്യമാകും. ഓണക്കാലത്തെ ഉയർന്ന യാത്രാ ആവശ്യം പരിഗണിക്കുമ്പോൾ സീറ്റുകളുടെ വർധന വലിയ നേട്ടമാകുമെന്നാണ് പ്രതീക്ഷ.നിലവിലെ നിരക്ക് പ്രകാരം ചെയർ കാറിൽ ഭക്ഷണം ഉൾപ്പെടെ 1,670 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിൽ 3,030 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
