മൺട്രിയോൾ: ഇരട്ടക്കൊലക്കേസിൽ തെറ്റായി ശിക്ഷിക്കപ്പെട്ട് 41 വർഷത്തിന് ശേഷം കുറ്റവിമുക്തനായ കെബെക്ക് സ്വദേശി ക്ലോഡ് പാക്വിൻ മൺട്രിയോൾ നഗരസഭയുമായും കെബെക്ക് സർക്കാരുമായും കോടികളുടെ നഷ്ടപരിഹാര ധാരണയിലെത്തി. വെള്ളിയാഴ്ച മൂന്ന് കക്ഷികളും സംയുക്ത പ്രസ്താവനയിലൂടെയാണ് ധാരണ പ്രഖ്യാപിച്ചത്. നഷ്ടപരിഹാര തുക സംബന്ധിച്ച വിവരങ്ങൾ രഹസ്യ വ്യവസ്ഥയുടെ ഭാഗമായി പുറത്തുവിട്ടിട്ടില്ല.
1978ൽ ലോറൻഷ്യൻസിൽ കൊല്ലപ്പെട്ട റൊണാൾഡ് ബുർഗ്വിൻ, സിൽവി റെവാ ദമ്പതികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 1983ലാണ് പാക്വിൻ രണ്ട് ഫസ്റ്റ് ഡിഗ്രി കൊലക്കേസുകളിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. തുടർന്ന് 18 വർഷം ജയിലിൽ കഴിഞ്ഞു. 2001ൽ കർശന നിബന്ധനകളോടെ പരോൾ ലഭിച്ചെങ്കിലും നിയന്ത്രണങ്ങൾ 23 വർഷത്തോളം തുടർന്നു.
കേസിൽ പുതിയ വിവരങ്ങൾ പുറത്തുവന്നതിനെ തുടർന്ന് നീതിന്യായത്തിലെ ഗുരുതരമായ പിഴവ് സംഭവിച്ചിരിക്കാമെന്ന് ചൂണ്ടിക്കാട്ടി 2024ൽ കാനഡയിലെ ഫെഡറൽ നീതിന്യായ മന്ത്രി പുനർവിചാരണയ്ക്ക് ഉത്തരവിട്ടു. തുടർന്ന് 2024 നവംബർ ആറിന് പാക്വിൻ കുറ്റവിമുക്തനായി. ഇപ്പോൾ 83 വയസ്സുള്ള പാക്വിൻ നാല് പതിറ്റാണ്ടിലേറെ കാലം താൻ നിരപരാധിയാണെന്ന് തെളിയിക്കാൻ നിയമപോരാട്ടം നടത്തി.

പാക്വിനെതിരായ കേസിൽ പ്രധാനമായും ആശ്രയിച്ചത് പൊലീസ് ഇൻഫോർമറായ ബെർണാർഡ് പ്രൊവൻസാലിന്റെ മൊഴിയായിരുന്നു. എന്നാൽ പിന്നീട് പ്രൊജക്റ്റ് ഇന്നൊസെൻസ് കെബെക്ക് നടത്തിയ അന്വേഷണത്തിൽ ഇൻഫോർമറുടെ വിശ്വാസ്യത സംബന്ധിച്ച് നിരവധി സംശയങ്ങൾ ഉയർന്നു.
2025 മേയിൽ പാക്വിൻ മൺട്രിയോൾ നഗരസഭയ്ക്കും കെബെക്ക് അറ്റോർണി ജനറലിനുമെതിരെ കെബെക്ക് സുപ്പീരിയർ കോടതിയിൽ 89 മില്യൺ കനേഡിയൻ ഡോളറിലധികം നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്തിരുന്നു. മൺട്രിയോൾ പൊലീസ്, സ്യൂറേറ്റെ ഡു കെബെക്ക്, കെബെക്ക് ക്രൗൺ പ്രോസിക്യൂട്ടർ ഓഫീസ് എന്നിവയിലെ ഉദ്യോഗസ്ഥരുടെ വീഴ്ചകളാണ് കേസിൽ ആരോപിച്ചത്.
പാക്വിനെതിരായ കേസിലെ ഏക ഭൗതിക തെളിവ് കൃത്രിമമായി സൃഷ്ടിക്കുകയോ മാറ്റം വരുത്തുകയോ ചെയ്തതാണെന്നും പൊലീസ്-പ്രോസിക്യൂഷൻ വിഭാഗങ്ങൾക്ക് ഇതുസംബന്ധിച്ച് നേരത്തെ തന്നെ അറിവുണ്ടായിരുന്നുവെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. എന്നാൽ കേസ് കോടതിയിൽ വിചാരണ ചെയ്യപ്പെടുന്നതിന് മുമ്പ് ധാരണയിലെത്തിയതിനാൽ ആരോപണങ്ങൾ കോടതിയിൽ തെളിയിക്കപ്പെട്ടിട്ടില്ല.
നീണ്ട നിയമപോരാട്ടത്തിന് വിരാമമിടാനും ഈ വർഷം നടക്കാനിരുന്ന വിചാരണാ നടപടികൾ ഒഴിവാക്കാനും ധാരണ സഹായിക്കുമെന്ന് മൺട്രിയോൾ നഗരസഭയും കെബെക്ക് അറ്റോർണി ജനറലും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
