കാസർകോട്: മഞ്ചേശ്വരത്ത് പട്ടാപ്പകൽ കടയിലേക്ക് അതിക്രമിച്ച് കയറിയ സംഘം കടയുടമയ്ക്ക് നേരെ വെടിയുതിർത്തു. മഞ്ചേശ്വരം ബട്ടിപ്പദവിൽ സുഹൈബ് നടത്തുന്ന കടയിലാണ് സംഭവം. ആക്രമണത്തിൽ നിന്ന് സുഹൈബ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കുടുംബപരമായ തർക്കത്തെ തുടർന്നുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
കാറിലെത്തിയ രണ്ടുപേർ സുഹൈബ് കടയിലുണ്ടായിരുന്ന സമയത്ത് അകത്തേക്ക് കയറി. തുടർന്ന് വാക്കേറ്റമുണ്ടാകുകയും സുഹൈബിനെ മർദ്ദിക്കുകയും ചെയ്തു. പിന്നാലെ സംഘത്തിലൊരാൾ റിവോൾവർ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു.
റഹീം, കാദർ എന്നിവരാണ് ആക്രമണം നടത്തിയതെന്നാണ് സുഹൈബിന്റെ മാതാവ് ആരോപിച്ചത്. ഒരാൾ കടയ്ക്കുള്ളിൽ കയറി സുഹൈബിനെ മർദ്ദിച്ചശേഷം മറ്റൊരാൾ തോക്കുമായി എത്തി ആദ്യം മുകളിലേക്കും പിന്നീട് സുഹൈബിന് നേരെയും വെടിയുതിർത്തതായാണ് വിവരം. തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം ഇരുവരും കാറിൽ രക്ഷപ്പെട്ടു.

പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം. ഒരാൾ കാപ്പ ചുമത്തപ്പെട്ട ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്നും മറ്റൊരാൾക്കെതിരെ നിരവധി ക്രിമിനൽ കേസുകളുണ്ടെന്നും പൊലീസ് സൂചന നൽകി.
വിവരമറിഞ്ഞ് മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതികളെക്കുറിച്ച് പൊലീസിന് സൂചനകൾ ലഭിച്ചതായാണ് വിവരം. ഇവർ കർണാടകയിലേക്ക് കടക്കുന്നത് തടയാൻ അതിർത്തിയിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്.ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. പ്രദേശത്ത് കൂടുതൽ സംഘർഷം ഉണ്ടാകാതിരിക്കാൻ പൊലീസ് നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.
