Monday, August 17, 2026

റഷ്യൻ ആണവ ഇന്ധനത്തെ ആശ്രയിച്ച് പാശ്ചാത്യ രാജ്യങ്ങൾ; യുദ്ധത്തിനിടയിലും വെസ്റ്റിങ്ഹൗസിലേക്ക് യുറേനിയം ഒഴുകുന്നു

വാഷിങ്ടൺ:: യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയ്‌ക്കെതിരെ കടുത്ത സാമ്പത്തിക ഉപരോധങ്ങൾ തുടരുമ്പോഴും, ആണവ ഇന്ധനത്തിനായി പാശ്ചാത്യ രാജ്യങ്ങൾ ഇപ്പോഴും റഷ്യയെത്തന്നെ ആശ്രയിക്കുന്നതായി റിപ്പോർട്ട്. കാനഡയുടെ ഉടമസ്ഥതയിലുള്ള പ്രമുഖ ആണവോർജ്ജ കമ്പനിയായ വെസ്റ്റിങ്ഹൗസിലേക്ക് (Westinghouse Electric Company) റഷ്യയിൽ നിന്നുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ഇപ്പോഴും ഇറക്കുമതി ചെയ്യുന്നുണ്ട്.ആഗോള രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിലും ആണവ വിപണിയിൽ റഷ്യക്കുള്ള സ്വാധീനം വ്യക്തമാക്കുന്നതാണ് ഈ നീക്കം.

2024 ഓഗസ്റ്റിൽ റഷ്യൻ സമ്പുഷ്ട യുറേനിയത്തിന്റെ ഇറക്കുമതി അമേരിക്ക നിരോധിച്ചിരുന്നെങ്കിലും, ബദൽ വിതരണ മാർഗം ലഭ്യമല്ലാത്ത സാഹചര്യത്തിലോ ദേശീയ താൽപര്യം കണക്കിലെടുത്തോ ഇളവ് അനുവദിക്കാൻ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഈ ഇളവുകൾ 2028 ജനുവരി ഒന്നുവരെ തുടരും.

റഷ്യൻ ആണവ കമ്പനിയായ ടെനെക്കിൽ( Tenex) നിന്ന് വെസ്റ്റിങ്ഹൗസിലേക്ക് യുറേനിയം എത്തുന്നതിന്റെ രേഖകൾ പരിശോധിച്ചതായി റിപ്പോർട്ട് പറയുന്നു. 2026 മാർച്ചിൽ മാത്രം ഏകദേശം 50,612 കിലോഗ്രാം യുറേനിയം നാല് കണ്ടെയ്‌നറുകളിലായി റഷ്യയിൽ നിന്ന് അമേരിക്കയിലെ ബാൾട്ടിമോർ തുറമുഖം വഴി സൗത്ത് കരോലിനയിലെ വെസ്റ്റിങ്ഹൗസ് പ്ലാന്റിലെത്തിയതായാണ് രേഖകൾ സൂചിപ്പിക്കുന്നത്.

2025-ൽ റഷ്യയിൽ നിന്ന് 400 ടൺ യുറേനിയം
ബെല്ലോണ എൻവയോൺമെന്റൽ ട്രാൻസ്പാരൻസി സെന്ററിന്റെ(Bellona Environmental Transparency Center) കണക്കുകൾ പ്രകാരം 2025ൽ അമേരിക്ക റഷ്യയിൽ നിന്ന് ഏകദേശം 400 ടൺ കുറഞ്ഞ സമ്പുഷ്ട യുറേനിയം ഇറക്കുമതി ചെയ്തു. ഇതിന്റെ മൂല്യം ഏകദേശം ഒരു ബില്യൺ യുഎസ് ഡോളറായിരുന്നു.

റഷ്യ ആഗോള സമ്പുഷ്ട യുറേനിയം വിതരണത്തിന്റെ ഏകദേശം 44 ശതമാനം നിയന്ത്രിക്കുന്നതായാണ് യുഎസ് ഊർജവകുപ്പിന്റെ കണക്ക്. അമേരിക്കയിലും യൂറോപ്പിലും ഉപയോഗിക്കുന്ന സമ്പുഷ്ട യുറേനിയത്തിന്റെ 20 മുതൽ 30 ശതമാനം വരെ റഷ്യയിൽ നിന്നാണ് ലഭിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

കാനഡയ്ക്ക് നിലവിൽ സമ്പുഷ്ട യുറേനിയം ആവശ്യമില്ല

കാനഡയിലെ നിലവിലെ CANDU ആണവ റിയാക്ടറുകൾ പ്രകൃതിദത്ത യുറേനിയമാണ് ഇന്ധനമായി ഉപയോഗിക്കുന്നത്. രാജ്യത്ത് പ്രവർത്തിക്കുന്ന 16 CANDU റിയാക്ടറുകളിൽ 15 എണ്ണം ഒന്റാരിയോയിലും ഒരെണ്ണം ന്യൂബ്രൺസ് വിക്കിലുമാണ്.

എന്നാൽ ഭാവിയിൽ നിർമിക്കാൻ പദ്ധതിയിടുന്ന പുതിയ റിയാക്ടറുകൾക്കും ചില സ്മോൾ മോഡുലാർ റിയാക്ടറുകൾ(Small Modular Reactors -SMR) പദ്ധതികൾക്കും സമ്പുഷ്ട യുറേനിയം ആവശ്യമായി വരും. അതിനാൽ റഷ്യൻ വിതരണത്തെ ആശ്രയിക്കാത്ത ആണവ ഇന്ധന ശൃംഖല വികസിപ്പിക്കാനുള്ള സമ്മർദം കാനഡ ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളിൽ വർധിക്കുകയാണ്.

റഷ്യക്കെതിരെ കാനഡയുടെ ഉപരോധ പട്ടികയിൽ റൊസാറ്റം (Rosatom) ഇല്ല

യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കാനഡ നിരവധി റഷ്യൻ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും റഷ്യയുടെ സർക്കാർ ഉടമസ്ഥതയിലുള്ള ആണവോർജ കമ്പനിയായ റൊസാറ്റമിനെയും അതിന്റെ കയറ്റുമതി വിഭാഗമായ ടെനെക്കിനെയും കാനഡ ഇതുവരെ ഉപരോധ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.

റഷ്യൻ ആണവ സ്ഥാപനങ്ങളുമായുള്ള വ്യാപാരം പാശ്ചാത്യ രാജ്യങ്ങൾ പരമാവധി കുറയ്ക്കണമെന്ന് ആണവ വ്യവസായ വിദഗ്ധരും യുക്രെയ്ൻ അനുകൂല നിരീക്ഷകരും ആവശ്യപ്പെടുന്നു. യുക്രെയ്‌നിലെ യുദ്ധത്തിനിടെ റഷ്യൻ ആണവ വ്യവസായത്തിലേക്ക് ഒഴുകുന്ന പണം മോസ്കോയുടെ ആണവ മേഖലയെയും യുദ്ധശേഷിയെയും ശക്തിപ്പെടുത്താൻ ഇടയാക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!