Wednesday, August 19, 2026

AI ഡാറ്റ സെന്റര്‍: ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ യോഗം വിളിച്ച് ആല്‍ബര്‍ട്ട

എഡ്മിന്റണ്‍: ആല്‍ബര്‍ട്ടയിലെ എഐ ഡാറ്റ സെന്റര്‍ വരുന്നതിനെതിരെയുളള ജനങ്ങള്‍ ആശങ്കകള്‍ പരിഹരിക്കാന്‍ ടൗണ്‍ ഹാള്‍ യോഗം വിളിച്ച് ആല്‍ബര്‍ട്ട സര്‍ക്കാര്‍. സാങ്കേതികവിദ്യാ മന്ത്രി നെറ്റ് ഗ്ലൂബിഷിന്റെ നേതൃത്വത്തിലാണ് യോഗം നടക്കുക. പ്രവിശ്യയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഡാറ്റാ സെന്ററുകള്‍ക്കെതിരെ വന്‍ ജനരോഷം ഉയരുന്നതിനിടെ യോഗം ചേരുന്നത്.

ലകോംബില്‍ ആരംഭിക്കുന്ന യോഗത്തില്‍ ഡാറ്റാ സെന്ററുകളെക്കുറിച്ചുള്ള ജനങ്ങളുടെ ആശങ്കകള്‍ കേള്‍ക്കുകയാണ് ലക്ഷ്യം. പ്രവിശ്യയിലേക്ക് വന്‍കിട നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ആല്‍ബര്‍ട്ട ശ്രമിക്കുമ്പോഴും, പദ്ധതികള്‍ക്കെതിരെ കടുത്ത പ്രതിഷേധമാണ് പ്രാദേശികമായി ഉയര്‍ന്നുവരുന്നത്.

ഡാറ്റാ സെന്ററുകള്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ വന്‍തോതിലുള്ള ജല ഉപയോഗം, മലിനീകരണം, വൈദ്യുതി നിരക്കുകളില്‍ ഉണ്ടായേക്കാവുന്ന വര്‍ധന എന്നിവയാണ് പ്രദേശവാസികളെ പ്രധാനമായും ആശങ്കപ്പെടുത്തുന്നത്. പ്രധാന പദ്ധതികള്‍ക്ക് ഭരണകൂടം അനുമതി നല്‍കിയ ശേഷമാണ് ഇത്തരം ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. എന്നാല്‍, എഐ വിപ്ലവം വഴി കോടിക്കണക്കിന് ഡോളറിന്റെ നികുതി വരുമാനം ലഭിക്കുമെന്നും ശുദ്ധജല ഉപഭോഗം കുറഞ്ഞ അളവിലായിരിക്കുമെന്നും പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത് വ്യക്തമാക്കി. ഓഗസ്റ്റ് 27-ന് നടക്കുന്ന വിര്‍ച്വല്‍ ടൗണ്‍ ഹാളില്‍ പ്രീമിയറും പങ്കെടുക്കും.

സ്റ്റര്‍ജന്‍ കൗണ്ടിയില്‍ മെറ്റ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന 1,300 കോടി ഡോളറിന്റെ കൂറ്റന്‍ ഡാറ്റാ സെന്ററിനെതിരെ വലിയ പ്രതിഷേധ റാലികളാണ് നടന്നത്. പ്രമുഖ നിക്ഷേപകന്‍ കെവിന്‍ ഒലിയറിയുടെ നേതൃത്വത്തില്‍ ഗ്രാന്‍ഡെ പ്രേരിക്ക് സമീപം നിര്‍ദ്ദേശിച്ച എഐ പാര്‍ക്കിനെതിരെ സ്റ്റര്‍ജന്‍ ലേക്ക് ക്രീ നേഷന്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. അനുമതിയില്ലാതെ പ്രതിവര്‍ഷം 600 കോടി ലിറ്റര്‍ വെള്ളം തിരിച്ചുവിടുന്നുവെന്നാണ് ഇവരുടെ പരാതി. കൂടാതെ, വന്‍കിട ഡാറ്റാ സെന്ററിനായി നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ച പ്രകൃതിവാതക നിലയത്തിന്റെ അപേക്ഷ ജനവാസ കേന്ദ്രത്തോട് അടുത്ത് സ്ഥിതി ചെയ്യുന്നുവെന്ന കാരണത്താല്‍ ആല്‍ബര്‍ട്ട യൂട്ടിലിറ്റീസ് കമ്മീഷന്‍ അടുത്തിടെ തള്ളുകയും ചെയ്തിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!