ഹാലിഫാക്സ്: കാനഡയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാനിരിക്കെ, വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കടുത്ത സാമ്പത്തിക സമ്മര്‍ദ്ദവും ആശങ്കയും വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ട്യൂഷന് ഫീസ്, താമസച്ചെലവ്, ഭക്ഷണസാധനങ്ങളുടെ വില എന്നിവ കുത്തനെ ഉയര്‍ന്നതാണ് ഹാലിഫാക്സിലെ സെന്റ് മേരീസ് സര്‍വകലാശാല ഉള്‍പ്പെടെയുള്ള ക്യാമ്പസുകളിലെ വിദ്യാര്‍ത്ഥികളെ പ്രതിസന്ധിയിലാക്കുന്നത്.
ടിഡി ബാങ്ക് (TD Bank) നടത്തിയ പുതിയ പഠനമനുസരിച്ച് കാനഡയിലെ 76 ശതമാനം ഉന്നതവിദ്യാഭ്യാസ വിദ്യാര്‍ത്ഥികളുടെയും മാനസികാരോഗ്യത്തെയും പഠന മികവിനെയും സാമ്പത്തിക സമ്മര്‍ദ്ദം പ്രതികൂലമായി ബാധിക്കുന്നുണ്ട്. 20 ശതമാനം പേര് പഠനത്തെക്കാള്‍ കൂടുതല്‍ സാമ്പത്തിക കാര്യങ്ങളിലാണ് ആശങ്കപ്പെടുന്നത്. പഠനച്ചെലവുകള്ക്കൊപ്പം വാടകയും ഭക്ഷണച്ചെലവും വഹിക്കാന്‍ വിദ്യാര്‍ത്ഥികള്‍ പ്രയാസപ്പെടുകയാണെന്ന് സെന്റ് മേരീസ് സര്‍വകലാശാലയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കുന്നു.

പഠനവും ജീവിതാവശ്യങ്ങളും ഒരുമിച്ച് കൊണ്ടുപോകാന്‍ ബുദ്ധിമുട്ടുന്ന വിദ്യാര്‍ത്ഥികളുടെ അവസ്ഥ ദാരുണമാണെന്ന് സെന്റ് മേരീസ് യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് അസോസിയേഷന് (SMUSA) പ്രസിഡന്റ് ലിസ സാഹിദ് പറഞ്ഞു. പലര്‍ക്കും ഭക്ഷണസാധനങ്ങള്‍ വാങ്ങണോ അതോ ടെക്സ്റ്റ് ബുക്കുകളും ട്യൂഷന് ഫീസും അടയ്ക്കണോ എന്ന് തിരഞ്ഞെടുക്കേണ്ടി വരുന്നു. വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ സൗജന്യ ഗ്രോസറി വിതരണമടക്കമുള്ള നടപടികള്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ സ്വീകരിച്ചു വരുന്നുണ്ട്. കാനഡയില്‍ അണ്ടര്‍ഗ്രാജ്വേറ്റ് ട്യൂഷന് ഫീസ് 10,000 ഡോളറിലധികം ഉയര്‍ന്ന പശ്ചാത്തലത്തില്‍, ബജറ്റിങിനെയും സാമ്പത്തിക ആസൂത്രണത്തെയും കുറിച്ചുള്ള ധാരണ വളര്‍ത്തിയെടുക്കേണ്ടത് അത്യാവശ്യമാണെന്ന് സാമ്പത്തിക വിദഗ്ദ്ധരും അഭിപ്രായപ്പെടുന്നു.
