Wednesday, August 19, 2026

കൊൽക്കത്തയിലെ ഹോട്ടലിൽ വൻ തീപിടിത്തം; കുട്ടിയുൾപ്പെടെ 9 പേർ മരിച്ചു; രക്ഷാപ്രവർത്തനം തുടരുന്നു

കൊൽക്കത്ത: നഗരത്തിലെ ഫ്രീ സ്കൂൾ സ്ട്രീറ്റിലെ ഹോട്ടലിലുണ്ടായ വൻ തീപിടിത്തത്തിൽ കുട്ടിയുൾപ്പെടെ ഒമ്പത് പേർ മരിച്ചു. ആറ് പേർക്ക് പരുക്കേറ്റു. ന്യൂമാർക്കറ്റിന് സമീപം ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഹോട്ടലിന്റെ മൂന്നാം നിലയിലാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം. തീ പടർന്നതോടെ മുറികളിൽ കനത്ത പുക നിറഞ്ഞത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി. ഹോട്ടലിനുള്ളിൽ നിരവധി പേർ കുടുങ്ങിക്കിടന്നിരുന്നു.

അറുപതോളം പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. കുടുങ്ങിക്കിടക്കുന്ന മറ്റുള്ളവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. നാല് അഗ്നിശമനസേനാ യൂണിറ്റുകളും ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. നിലവിൽ തീ നിയന്ത്രണവിധേയമാണ്.

മരിച്ചവരിൽ ബംഗ്ലാദേശ് പൗരന്മാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് അഗ്നിശമനസേന അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എയർ കണ്ടീഷണർ പൊട്ടിത്തെറിച്ചതാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

തീപിടിത്തത്തിന് പിന്നാലെ ഹോട്ടൽ ഉടമയും ജീവനക്കാരും സ്ഥലത്തുനിന്ന് മാറിനിന്നതായി പൊലീസ് അറിയിച്ചു. ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച പൊലീസ് ഉടമയ്ക്കും ജീവനക്കാർക്കുമായി തിരച്ചിൽ നടത്തുകയാണ്.രക്ഷാപ്രവർത്തനം പൂർത്തിയാക്കിയ ശേഷം തീപിടിത്തത്തിന്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനായി ഹോട്ടലിൽ വിശദമായ പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!