Wednesday, August 19, 2026

വഖഫ് ബോർഡിലെ അമുസ്‌ലിം നിയമനം; സുപ്രീംകോടതി വിധിക്ക് ശേഷം അന്തിമ തീരുമാനമെന്ന് സർക്കാർ

കൊച്ചി: വഖഫ് ബോർഡിലെ അമുസ്‌ലിം അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കി സംസ്ഥാന സർക്കാർ. വിഷയത്തിൽ സുപ്രീംകോടതിയുടെ അന്തിമ വിധി വന്നശേഷം തീരുമാനമെടുക്കുമെന്ന് സർക്കാർ അറിയിച്ചു.

വഖഫ് ബോർഡിൽ നിലവിൽ സങ്കീർണത സൃഷ്ടിക്കുന്ന നടപടികളിലേക്ക് പോകാൻ താൽപര്യമില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. അതേസമയം, ബോർഡിലെ നിലവിലുള്ള ഒഴിവുകൾ ആദ്യം നികത്തിക്കൂടേയെന്ന് ഹൈക്കോടതി ചോദിച്ചു. വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കുന്നത് സർക്കാരിന്റെ അധികാരപരിധിയിലുള്ള കാര്യമാണെന്നും കോടതി നിരീക്ഷിച്ചു.

നിലവിലുള്ള പിഴവുകൾ പരിഹരിച്ച് വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വിവിധ വിഭാഗങ്ങൾക്ക് പ്രാതിനിധ്യം നൽകുകയും നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്തുകൊണ്ടായിരിക്കും പുനഃസംഘടനയെന്നും സർക്കാർ വ്യക്തമാക്കി.

അമുസ്‌ലിം അംഗങ്ങളുടെ നിയമനം സംബന്ധിച്ച തീരുമാനം സുപ്രീംകോടതിയിൽ പരിഗണനയിലുള്ള കേസിലെ വിധിയുടെ അടിസ്ഥാനത്തിലായിരിക്കുമെന്നും സർക്കാർ അറിയിച്ചു. ശിയ, ബോറ തുടങ്ങിയ വിവിധ വിഭാഗങ്ങൾക്ക് ബോർഡിൽ മതിയായ പ്രാതിനിധ്യമുണ്ടോ എന്നത് പരിശോധിക്കാൻ വഖഫ് ബോർഡിന് നിർദേശം നൽകിയതായും സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

വഖഫ് ഭേദഗതി നിയമപ്രകാരം രണ്ട് അമുസ്‌ലിം അംഗങ്ങളെ നിയമിക്കണമെന്ന വ്യവസ്ഥയുമായി ബന്ധപ്പെട്ടാണ് തർക്കം നിലനിൽക്കുന്നത്. സുപ്രീംകോടതിയുടെ തീരുമാനം വരുന്നതുവരെ ഈ രണ്ട് സ്ഥാനങ്ങളും ഒഴിച്ചിടാനായിരുന്നു സംസ്ഥാന സർക്കാരിന്റെ നേരത്തെയുള്ള തീരുമാനം.

വിഷയത്തിൽ സർക്കാരിന്റെ സത്യവാങ്മൂലത്തിന്റെ പകർപ്പ് കോടതിയിൽ സമർപ്പിച്ചു. സുപ്രീംകോടതി വിധിക്ക് ശേഷം മാത്രമേ അമുസ്‌ലിം അംഗങ്ങളുടെ നിയമനത്തിൽ അന്തിമ നിലപാട് സ്വീകരിക്കൂ എന്നതാണ് സർക്കാരിന്റെ നിലവിലെ നിലപാട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!