Friday, August 21, 2026

‘കള്ളൻ വിജയൻ’ ഫീച്ചർ വിവാദം; K.R അജയൻ രാജിവെച്ചു

തിരുവനന്തപുരം: ദേശാഭിമാനി വാരാന്തപ്പതിപ്പിലെ ‘കള്ളൻ വിജയൻ’ എന്ന ഫീച്ചർ വിവാദമായതിന് പിന്നാലെ വാരാന്തപ്പതിപ്പിന്റെ ചുമതലയുള്ള ന്യൂസ് എഡിറ്റർ കെ.ആർ അജയൻ രാജിവെച്ചു. മാനേജ്മെന്റിന്റെ നിർദേശത്തെ തുടർന്നാണ് രാജി. അവധിയിൽ പോകുകയോ രാജിവെക്കുകയോ വേണമെന്ന് അജയനോട് ദേശാഭിമാനി നിർദേശിച്ചിരുന്നു.ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശനാണ് നിർദേശം നൽകിയത്.

വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്ന് അജയനെ നേരത്തെ മാറ്റിയിരുന്നു. വിഷയത്തിൽ അജയൻ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് വിലയിരുത്തിയതിനെ തുടർന്നായിരുന്നു നടപടി.

ജൂലൈ മൂന്നാം വാരത്തിലെ ഞായറാഴ്ച വിതരണം ചെയ്യേണ്ടിയിരുന്ന ദേശാഭിമാനി വാരാന്തപ്പതിപ്പിലാണ് വിവാദ ഫീച്ചർ ഉൾപ്പെട്ടിരുന്നത്. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മുൻ പ്രസ് സെക്രട്ടറി കെ.വി. സുധാകരൻ എഴുതിയ വി.എസ്. അനുസ്മരണത്തോടൊപ്പമായിരുന്നു ഫീച്ചർ പ്രസിദ്ധീകരിച്ചത്. വിവാദം ഉയർന്നതോടെ ആ ലക്കത്തിന്റെ വിതരണം നിർത്തിവെക്കുകയായിരുന്നു.

സംഭവത്തിൽ ദേശാഭിമാനി റസിഡന്റ് എഡിറ്ററും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ എം. സ്വരാജ് വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ഒരു യൂണിറ്റിൽ വാരാന്തപ്പതിപ്പ് അച്ചടിക്കാൻ സാധിക്കാത്തതിനാലാണ് വിതരണം വൈകിയതെന്നായിരുന്നു വിശദീകരണം. പിന്നീട് തിങ്കളാഴ്ചത്തെ പത്രത്തോടൊപ്പമാണ് വാരാന്തപ്പതിപ്പ് വിതരണം ചെയ്തത്. എന്നാൽ വിവാദമായ ഫീച്ചർ ഒഴിവാക്കിയിരുന്നു.

ഫീച്ചറിനെക്കുറിച്ച് സി.പി.എം നേതൃത്വം വിശദീകരണം തേടിയപ്പോൾ തലക്കെട്ടിൽ പ്രശ്നമില്ലെന്ന നിലപാടാണ് കെ.ആർ. അജയൻ സ്വീകരിച്ചതെന്നാണ് റിപ്പോർട്ട്. തുടർന്ന് വാരാന്തപ്പതിപ്പ് എഡിറ്ററുടെ മുറി പൂട്ടിയിട്ടതും വിവാദമായിരുന്നു.

ഫീച്ചർ ഒഴിവാക്കി വാരാന്തപതിപ്പ് പുറത്തുവന്നതിന് പിന്നാലെ ‘കള്ളൻ വിജയൻ, ധന്യ നാടകഗ്രാമം, മുത്തിപ്പാറ പി.ഒ’ ഫീച്ചർ എഴുതിയ ടി.സി രാജേഷ് കുറിപ്പ് ഫേസ്ബുക്കിലൂടെ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ തുടർനടപടികൾ ചർച്ചയായതിനിടെയാണ് കെ.ആർ. അജയന്റെ രാജി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!