എഡ്മിന്റന്‍: എഡ്മിന്റനിലെ നനക്‌സര്‍ ഗുരുദ്വാര ഗുര്‍സിഖ് ക്ഷേത്രത്തിലുണ്ടായ കത്തിയാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. വെളളിയാഴ്ച പുലര്‍ച്ചെ ഉണ്ടായ ആക്രമ സംഭവത്തില്‍ രണ്ട് പുരോഹിതന്മാര്‍ക്ക് പരുക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പ്രാര്‍ത്ഥനാ ചടങ്ങുകള്‍ തടസ്സപ്പെടുത്താന്‍ ശ്രമിച്ചയാളെ ചെറുക്കുന്നതിനിടെയാണ് സംഭവമെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തെ ശക്തമായി അപലപിച്ച കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി, ഇരയായവരോടും സിഖ് സമൂഹത്തോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

ആരാധനാലയങ്ങളില്‍ ആര്‍ക്കും ഭയമില്ലാതെ കഴിയാന്‍ സാധിക്കണമെന്നും പ്രധാനമന്ത്രി കാര്‍ണി എക്‌സില്‍ കുറിച്ചു. സംഭവത്തില്‍ ഉടന്‍ ഇടപെട്ട എഡ്മിന്റന്‍ പൊലീസിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. പ്രതിക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിയര്‍ പൊലിയേവും ആവശ്യപ്പെട്ടു.
