ഓട്ടവ: കാനഡയിലെ നോർത്ത് വെസ്റ്റ് ടെറിട്ടറിയിലുള്ള (N.W.T.) ഫോർട്ട് സ്മിത്തിൽ നടക്കുന്ന പ്രശസ്തമായ ഫയർവീഡ് ഫെസ്റ്റിവലിനിടെ (Fireweed Festival) വെടിവെപ്പ്. തോക്കുധാരിയായ അക്രമി ജനക്കൂട്ടത്തിന് നേരെ വെടിയുതിർത്തതിനെ തുടർന്ന് പരിപാടികൾ താൽക്കാലികമായി നിർത്തിവെച്ചു.
അക്രമത്തിൽ നിരവധി ആളുകൾക്ക് പരുക്കേറ്റിട്ടുണ്ടെന്ന് ഫെസ്റ്റിവൽ സംഘാടകർ അറിയിച്ചു. എന്നാൽ പരുക്കേറ്റവരുടെ കൃത്യമായ വിവരങ്ങൾ
പൊലീസ് പുറത്തുവിട്ടിട്ടില്ല. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഫോർട്ട് സ്മിത്ത് ഹെൽത്ത് സെന്റർ നിലവിൽ ലോക്ക്ഡൗണിലാണ്.
ആയുധധാരിയായ പ്രതിക്കായി പൊലീസ് പ്രദേശത്ത് വ്യാപകമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഗ്രേ സ്വെറ്റർ ധരിച്ച പ്രതിയുടെ ചിത്രം പൊലീസ് പുറത്തുവിട്ടു. സംഭവത്തിന് സാക്ഷികളായവരിൽ നിന്നും ഡിജിറ്റൽ തെളിവുകൾ (ചിത്രങ്ങൾ, വീഡിയോകൾ) ശേഖരിക്കാനായി പൊലീസ് ഒരു കമ്മ്യൂണിറ്റി പോർട്ടലും ആരംഭിച്ചിട്ടുണ്ട്.

പൊതുജനങ്ങൾക്കുള്ള കർശന നിർദ്ദേശങ്ങൾ:
- പ്രദേശവാസികൾ എല്ലാവരും വീടുകളിൽ തന്നെ തുടരുക.
- സുരക്ഷ മുൻനിർത്തി അപരിചിതർക്കായി ആരും വാതിലുകൾ തുറക്കരുത്.
- സുരക്ഷാ ഉദ്യോഗസ്ഥരുടെയോ പൊലീസിന്റെയോ ചിത്രങ്ങളും നീക്കങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കരുത്.
സംഗീതവും സാംസ്കാരിക പരിപാടികളുമായി അഞ്ചാം വർഷത്തിലേക്ക് കടന്ന ഫയർവീഡ് ഫെസ്റ്റിവലാണ് ഈ അപ്രതീക്ഷിത അക്രമസംഭവത്തെ തുടർന്ന് നിർത്തിവെക്കേണ്ടി വന്നത്. നിലവിൽ പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം തുടരുകയാണ്.
