Sunday, August 23, 2026

2024-ല്‍ ആല്‍ബര്‍ട്ടയില്‍ കൊല്ലപ്പെട്ടത് റെക്കോര്‍ഡ് എണ്ണം ഗ്രിസ്ലി കരടികള്‍; കണക്കുകള്‍ പുറത്ത്

കാല്‍ഗറി: ആല്‍ബര്‍ട്ട പ്രവിശ്യയില്‍ 2024ല്‍ റെക്കോര്‍ഡ് എണ്ണം ഗ്രിസ്ലി കരടികള്‍ കൊല്ലപ്പെട്ടതായി സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. മനുഷ്യരുടെ ഇടപെടലുകള്‍ മൂലം 40 ഗ്രിസ്ലി കരടികളാണ് 2024ല്‍ ചത്തത്. ഇതില്‍ പകുതിയിലധികവും (21 എണ്ണം) നിയമപാലകരും കണ്‍സര്‍വേഷന്‍ ഓഫീസര്‍മാരും ചേര്‍ന്ന് ലത്തല്‍ റിമൂവല്‍ (കൊന്നൊടുക്കല്‍) വഴി നടത്തിയതാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

2023-ല്‍ പ്രവിശ്യാ ഭരണകൂടം ഗ്രിസ്ലി കരടികളോട് പ്രതികരിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്തിയതാണ് കരടികളുടെ മരണസംഖ്യ കുത്തനെ ഉയരാന്‍ കാരണമായതെന്ന് മുന്‍ ഫിഷ് ആന്‍ഡ് വൈല്‍ഡ്ലൈഫ് ഓഫീസര്‍ ജോണ്‍ ക്ലാര്‍ക്ക് ആരോപിച്ചു. പുതിയ നിയമമനുസരിച്ച് ആണ്‍ ഗ്രിസ്ലി കരടികള്‍ ജനവാസ മേഖലകളിലിറങ്ങുകയോ വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുകയോ ചെയ്താല്‍ ആദ്യത്തെ സംഭവത്തില്‍ തന്നെ അവയെ കൊല്ലാന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരം ലഭിക്കുന്നുണ്ട്. 2024-ല്‍ കൊല്ലപ്പെട്ട 21 കരടികളില്‍ 14 എണ്ണവും ആണ്‍ കരടികളായിരുന്നു.

എന്നാല്‍, വനം വകുപ്പ് ഈ ആരോപണങ്ങള്‍ തള്ളി. കരടികളും മനുഷ്യരും തമ്മിലുള്ള സംഘര്‍ഷങ്ങളുടെയും ആക്രമണങ്ങളുടെയും എണ്ണത്തിലുണ്ടായ മാറ്റമാണ് മരണസംഖ്യ വര്‍ധിക്കാന്‍ കാരണമെന്നും അല്ലാതെ നയപരമായ ഒറ്റക്കാരണം കൊണ്ടല്ലെന്നും അധികൃതര്‍ വ്യക്തമാക്കി. 2025-ല്‍ കൊല്ലപ്പെട്ട ഗ്രിസ്ലി കരടികളുടെ എണ്ണം 18 ആയി കുറഞ്ഞിട്ടുണ്ട്. അതേസമയം, വന്യമൃഗങ്ങളുടെ ആക്രമണം തടയാന്‍ നിരോധിക്കപ്പെട്ട ഗ്രിസ്ലി കരടി വേട്ട വീണ്ടും നിയമവിധേയമാക്കണമെന്ന് റൂറല്‍ മ്യൂണിസിപ്പാലിറ്റീസ് ഓഫ് ആല്‍ബെര്‍ട്ട സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2010 മുതല്‍ ആല്‍ബെര്‍ട്ടയില്‍ ഗ്രിസ്ലി കരടികളെ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!