ടൊറോന്റോ: ടൊറോന്റോയിലെ ഈസ്റ്റ്-എന്‍ഡില്‍ സ്ഥിതി ചെയ്യുന്ന രണ്ട് അപ്പാര്‍ട്ട്മെന്റ് കെട്ടിടങ്ങള്‍ക്ക് നേരെ വെടിവയ്പ്പ്. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെ തോണ്‍ക്ലിഫ് പാര്‍ക്ക് ഡ്രൈവ്, ഓവര്‍ലിയ ബൊളിവാര്‍ഡ് ഭാഗത്താണ് സംഭവം നടന്നത്. വെടിവയ്പ്പ് നടന്നതായി വിവര ലഭിച്ചതിനെ തുടര്‍ന്ന് പോലീസെത്തി തിരച്ചില്‍ നടത്തുകയായിരുന്നു.
സംഭവസ്ഥലത്തുനിന്നും വെടിയുതിര്‍ത്തതിന്റെ തെളിവുകളും അപ്പാര്‍ട്ട്മെന്റ് കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും പോലീസ് കണ്ടെത്തി. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല.

സംഭവത്തില്‍ ഉള്‍പ്പെട്ട പ്രതികളെക്കുറിച്ച് നിലവില്‍ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു. എന്നാല്‍ വെടിവയ്പ്പിന് ശേഷം വെളുത്ത നിറത്തിലുള്ള ഒരു സെഡാന്‍ കാര്‍ പ്രദേശത്തുനിന്നും വേഗത്തില്‍ ഓടിച്ചു പോകുന്നതായി കണ്ടതായി ദൃക്സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ പോലീസിനെ അറിയിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
