Friday, November 6, 2026

ഒരു വര്‍ഷത്തിനിടെ മൂന്നാമത്തെ മുതിര്‍ന്ന ഉപദേഷ്ടാവും രാജിവെച്ചു; പിയേർ പൊളിയേവിന് വീണ്ടും തിരിച്ചടി

ഓട്ടവ: പ്രതിപക്ഷ നേതാവും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ലീഡറുമായ പിയേർ പൊളിയേവിന്റെ ഓഫീസില്‍ നിന്ന് ഒരു വര്‍ഷത്തിനിടെ മൂന്നാമത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥനും രാജിവെക്കുന്നു. ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ആരോണ്‍ വുഡ്രിക് ആണ് സ്ഥാനം ഒഴിഞ്ഞതായി പ്രഖ്യാപിച്ചത്. സ്വകാര്യ മേഖലയിലേക്ക് മാറുന്നതിനാണ് തീരുമാനമെന്നും നവംബര്‍ 27-ഓടെ പാര്‍ട്ടി ഓഫീസിലെ ചുമതലകള്‍ പൂര്‍ണ്ണമായി അവസാനിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ രണ്ടര വര്‍ഷമായി പൊളിയോവിന്റെ കൂടെ പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് എം.പിമാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും അയച്ച കത്തില്‍ വുഡ്രിക് സൂചിപ്പിച്ചു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പൊളിയേവിന്റെ നേതൃത്വത്തില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ഭരണം പിടിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.

നേരത്തെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അധികാരത്തിലെത്തുമെന്ന ശക്തമായ ജനവികാരം നിലനിന്നിരുന്ന സമയത്താണ് വുഡ്രിക് ഓഫീസില്‍ ചുമതലയേല്‍ക്കുന്നത്. അന്നത്തെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞതും ജീവിതച്ചെലവ് വര്‍ധിച്ച വിഷയങ്ങള്‍ പൊയിലീവ്റ വിജയകരമായി ഉയര്‍ത്തിക്കൊണ്ടുവന്നതും പാര്‍ട്ടിക്ക് വന്‍ മേല്‍ക്കൈ നല്‍കിയിരുന്നു. എന്നാല്‍, കഴിഞ്ഞ വര്‍ഷാവസാനത്തോടെ അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും ട്രൂഡോ മന്ത്രിസഭയില്‍ നിന്ന് ക്രിസ്റ്റിയ ഫ്രീലാന്‍ഡ് രാജിവെക്കുകയും തുടര്‍ന്ന് ട്രൂഡോ പ്രധാനമന്ത്രി സ്ഥാനം ഒഴിയുകയും ചെയ്തതോടെ കാനഡയിലെ രാഷ്ട്രീയ ചിത്രം മാറിമറിയുകയായിരുന്നു. ലിബറല്‍ പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുത്ത മാര്‍ക്ക് കാര്‍ണി തിരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റമുണ്ടാക്കി സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു.

ഈ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് ശേഷം കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ജനപ്രീതി തുടര്‍ച്ചയായി താഴേക്ക് പതിക്കുന്ന കാഴ്ചയാണ് കാണുന്നത്. അടുത്തകാലത്തായി അഞ്ച് കണ്‍സര്‍വേറ്റീവ് എം.പിമാരില്‍ നാല് പേര്‍ പാര്‍ട്ടി വിട്ട് ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതോടെ മാര്‍ക്ക് കാര്‍ണിക്ക് പാര്‍ലമെന്റില്‍ ഭൂരിപക്ഷം ഉറപ്പിക്കാന്‍ സാധിച്ചു. മറ്റൊരു എം.പി സെനറ്റിലേക്ക് നിയമിതനാകുകയും ചെയ്തു. അടുത്തിടെ ലാറി ബ്രോക്ക് രാജിവെച്ച ബ്രാന്റ്‌ഫോര്‍ഡ്-ബ്രാന്റ് സൗത്ത് മണ്ഡലത്തിലടക്കം ആറ് സീറ്റുകളിലേക്ക് ഡിസംബര്‍ 7-ന് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, പാര്‍ട്ടിയിലെ തുടര്‍ച്ചയായ രാജികളും ജനപ്രീതിയിലെ ഇടിവും മൂലം പ്രതിപക്ഷ നേതാവായ പൊയിലീവ്റ വലിയ രാഷ്ട്രീയ സമ്മര്‍ദ്ദമാണ് നേരിടുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!