Friday, August 28, 2026

ഇന്ത്യ-കാനഡ നിക്ഷേപ കരാര്‍ ചര്‍ച്ചക്ക് തയ്യാറെന്ന് ഇന്ത്യ; 2030 ടെ വ്യാപാരം 4.65 ലക്ഷം കോടി രൂപ ലക്ഷ്യം

ന്യൂഡല്‍ഹി: ഇന്ത്യയും കാനഡയും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ദ്വിരാഷ്ട്ര നിക്ഷേപ ഉടമ്പടിക്ക് (Bilateral Investment Treaty) എത്രയും പെട്ടെന്ന് ചര്‍ച്ചകള്‍ ആരംഭിക്കാന്‍ ഇന്ത്യ സന്നദ്ധത അറിയിച്ചു. ധന മന്ത്രി നിര്‍മ്മല സീതാരാമനും കനേഡിയന്‍ ധനകാര്യ മന്ത്രി ഫ്രാന്‍സ്വ-ഫിലിപ്പ് ഷാംപെനും തമ്മില്‍ നടന്ന സാമ്പത്തിക സംവാദത്തിലാണ് ഈ നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്.

2030-ഓടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 70 ബില്യണ്‍ കനേഡിയന്‍ ഡോളര്‍ അഥവാ 4.65 ലക്ഷം കോടി രൂപയായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയുടെ യു.പി.ഐ സംവിധാനം കാനഡയിലും വ്യാപിപ്പിക്കുന്നതിനുള്ള ചര്‍ച്ചകളും യോഗത്തില്‍ നടന്നു.

പേയ്‌മെന്റ് സംവിധാനങ്ങളുടെ നവീകരണം, സാമ്പത്തിക സ്ഥിരത, ഫിന്‍ടെക്, മൂലധന വിപണി വികസനം, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയല്‍ തുടങ്ങിയ മേഖലകളിലെ സഹകരണവും ചര്‍ച്ചയായി. അതിര്‍ത്തി കടന്നുള്ള പണമിടപാടുകളും വ്യാപാര ഇടപാടുകളും കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താനും തീരുമാനിച്ചു.

കാനഡയില്‍ യു.പി.ഐ ഉപയോഗം വ്യാപിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ക്കും ഇരുപക്ഷവും പിന്തുണ അറിയിച്ചു. പേയ്‌മെന്റ് സേവനദാതാക്കളുമായുള്ള പങ്കാളിത്തത്തിലൂടെ ഇത് നടപ്പാക്കാനാകുമെന്നാണ് വിലയിരുത്തല്‍. വ്യാപാരം, വിനോദസഞ്ചാരം, വിദ്യാഭ്യാസം, ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ എന്നിവക്ക് കൂടുതല്‍ കാര്യക്ഷമമായ പണമിടപാടുകള്‍ ഇതിലൂടെ സാധ്യമാകുമെന്നും സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിന് ശക്തവും വൈവിധ്യവത്കരിക്കപ്പെട്ടതുമായ വിതരണ ശൃംഖലകളുടെ പ്രാധാന്യവും മന്ത്രിമാര്‍ ചൂണ്ടിക്കാട്ടി. നിര്‍ണായക ധാതുക്കള്‍ ഉള്‍പ്പെടെയുള്ള തന്ത്രപ്രധാന മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്താനും ധാരണയായി.

ചര്‍ച്ചകള്‍ക്ക് ശേഷം കാനഡയിലെ ധനകാര്യ സേവനങ്ങള്‍, ഫിന്‍ടെക്, സാങ്കേതികവിദ്യ, കൃത്രിമ ബുദ്ധി, അടിസ്ഥാന സൗകര്യം, ഊര്‍ജം, പ്രകൃതി വിഭവങ്ങള്‍ തുടങ്ങിയ മേഖലകളിലെ പ്രതിനിധികളുമായും ഇരുവരും കൂടിക്കാഴ്ച നടത്തി. ദീര്‍ഘകാല നിക്ഷേപത്തിനും ബിസിനസ് സഹകരണത്തിനുമുള്ള സാധ്യതകള്‍ യോഗങ്ങളില്‍ വിലയിരുത്തി.

ഇന്ത്യ-കാനഡ സാമ്പത്തിക-ധനകാര്യ ചര്‍ച്ചയുടെ അടുത്ത യോഗം 2027ല്‍ നടത്തും. മാക്രോ സാമ്പത്തിക സാഹചര്യം, ധനകാര്യ മേഖല, ഉഭയകക്ഷി നിക്ഷേപം, ആഗോള സാമ്പത്തിക വിഷയങ്ങള്‍ എന്നിവയിലാകും തുടര്‍ ചര്‍ച്ചകള്‍.

ആഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ 2 വരെയാണ് നിര്‍മല സീതാരാമന്റെ കാനഡ, യുഎസ് ഔദ്യോഗിക സന്ദര്‍ശനം. കാനഡയില്‍ നിക്ഷേപ-വ്യവസായ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചകളിലും അവര്‍ പങ്കെടുക്കുന്നുണ്ട്. ഊര്‍ജം, കൃത്രിമ ബുദ്ധി, നിര്‍ണായക ധാതുക്കള്‍ തുടങ്ങിയ മേഖലകളിലാണ് പ്രധാന ചര്‍ച്ചകള്‍.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!