വന്‍കൂവര്‍: ബ്രിട്ടിഷ് കൊളംബിയ നിയമസഭയില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ഔദ്യോഗിക പാര്‍ട്ടി പദവി നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച പ്രമുഖ ജനപ്രതിനിധി (എം.എല്‍.എ.) ബ്രൂസ് ബാന്മാന് പാര്‍ട്ടി കോക്കസ് വിട്ടു. ഇനിമുതല്‍ സ്വതന്ത്രനായി നിയമസഭയില്‍ പ്രവര്‍ത്തിക്കുമെന്ന് ആബോട്സ്ഫോര്ഡ് സൗത്ത് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അദ്ദേഹം വ്യക്തമാക്കി. ഈ മാസം മാത്രം പാര്‍ട്ടി വിടുന്ന ആറാമത്തെ കണ്‍സര്‍വേറ്റീവ് എം.എല്‍.എ.യാണ് ബാന്മാന്.
പ്രീമിയര്‍ ഡേവിഡ് എബിയുടെ എന്‍.ഡി.പിയെ (ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി) പരാജയപ്പെടുത്താന്‍ രാഷ്ട്രീയ കൂട്ടായ്മ കൂടുതല്‍ വിപുലമാക്കുകയാണ് വേണ്ടതെന്നും, എന്നാല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ പോക്ക് അടുത്ത തിരഞ്ഞെടുപ്പിലും എന്‍.ഡി.പിക്ക് വീണ്ടും വിജയം എളുപ്പമാക്കുമെന്നും ബാന്മാന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. 2023-ലാണ് താനും മുന്‍ കണ്‍സര്‍വേറ്റീവ് നേതാവ് ജോണ്‍ റസ്റ്റാഡും ഒരുമിച്ച് പ്രവര്‍ത്തനം ആരംഭിച്ചതെന്ന് ബാന്മാന് പറഞ്ഞു. 2024-ലെ പ്രവിശ്യാ തിരഞ്ഞെടുപ്പില്‍ സര്‍ക്കാരുണ്ടാക്കുന്നതിന് തൊട്ടടുത്തെത്താന്‍ പാര്‍ട്ടിക്ക് സാധിച്ചതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, നിലവില്‍ നിയമസഭയില്‍ അംഗമല്ലാത്ത പാര്‍ട്ടി നേതാവ് കെറി-ലിന് ഫിന്ഡ്ലേയെ തിരഞ്ഞെടുപ്പില്‍ ജയിപ്പിക്കാന്‍ കഴിയില്ലെന്നാണ് (‘unelectable’) തന്നെ ബന്ധപ്പെട്ട ആളുകളെല്ലാം അഭിപ്രായപ്പെടുന്നതെന്ന് അദ്ദേഹം തുറന്നടിച്ചു. സ്വതന്ത്രരായി സഭയില്‍ തുടരാന്‍ തീരുമാനിച്ച മറ്റ് എം.എല്‍.എമാര്‍ക്കൊപ്പം താനും ചേരുകയാണെന്നും, രാഷ്ട്രീയ വ്യത്യാസമില്ലാതെ മറ്റു ജനപ്രതിനിധികളും ഈ വഴി പിന്തുടരണമെന്നും ബാന്മാന് അഭ്യര്‍ത്ഥിച്ചു.
