ഓട്ടവ: അമേരിക്കയും കാനഡയും തമ്മില്‍ രൂക്ഷമാകുന്ന താരിഫ് യുദ്ധം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര ബന്ധങ്ങളില്‍ ശാശ്വതമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കാമെന്ന് യു.എസ്. സാമ്പത്തിക വിദഗ്ധര്‍. ദശാബ്ദങ്ങളായി തുടരുന്ന ശക്തമായ സാമ്പത്തിക സഹകരണത്തിന് ഇത് വിരാമമിട്ടേക്കുമെന്നാണ് വിലയിരുത്തല്‍. യു.എസ് വിശ്വസനീയമായ ഒരു വ്യാപാര പങ്കാളിയല്ലാതായി മാറുന്നതും പുതിയ തീരുവകളും കാരണം കാനഡയിലെ കമ്പനികള്‍ മറ്റ് ആഗോള വിപണികളിലേക്ക് ശ്രദ്ധ തിരിക്കാന്‍ നിര്‍ബന്ധിതരാകുകയാണെന്ന് യൂറോ പസിഫിക് അസറ്റ് മാനേജ്മെന്റിന്റെ ചീഫ് ഇക്കണോമിസ്റ്റും ഗ്ലോബല്‍ സ്ട്രാറ്റജിസ്റ്റുമായ പീറ്റര്‍ ഷിഫ് അഭിപ്രായപ്പെട്ടു.
അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ മറ്റ് രാജ്യങ്ങളുമായി കാനഡ പുതിയ വ്യാപാര ബന്ധങ്ങള്‍ സ്ഥാപിച്ചാല്‍, അത് പിന്നീട് എളുപ്പത്തില്‍ ഉപേക്ഷിക്കാന്‍ കഴിയില്ലെന്നും ഇത് മൊത്തം വ്യാപാര അളവിനെ സ്ഥിരമായി ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റ് വിപണികളിലേക്ക് ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്നതിനായി കാനഡ കമ്പനികള്‍ ലോജിസ്റ്റിക്‌സിലും അടിസ്ഥാന സൗകര്യങ്ങളിലും നിക്ഷേപം നടത്തുമ്പോള്‍, ആ പുതിയ ബന്ധങ്ങള്‍ കൂടുതല്‍ ലാഭകരമായി മാറും. ഡോളറിന്റെ മൂല്യം ഇടിയുകയാണെങ്കില്‍ അമേരിക്കയുമായുള്ള വ്യാപാരം കനേഡിയന്‍ കമ്പനികള്‍ക്ക് കൂടുതല്‍ ആകര്‍ഷകമല്ലാതാകുമെന്നും ഷിഫ് കൂട്ടിച്ചേര്‍ത്തു.

സൗകര്യവും സമാനമായ സാംസ്‌കാരിക മൂല്യങ്ങളും കാരണമാണ് കാനഡ ചരിത്രപരമായി അമേരിക്കയെ പ്രധാന വ്യാപാര പങ്കാളിയായി കണ്ടിരുന്നതെന്ന് ടൊറോന്റോ സര്‍വകലാശാലയിലെ മങ്ക് സ്‌കൂള്‍ ഓഫ് ഗ്ലോബല്‍ അഫയേഴ്‌സ് പ്രൊഫസറായ ഡ്രൂ ഫാഗന്‍ പറഞ്ഞു. എന്നാല്‍, ഈ വ്യാപാര ബന്ധത്തിലെ സുവര്‍ണ്ണകാലം അവസാനിച്ചിരിക്കാമെന്നും, നിലവിലെ യു.എസ് നിലപാടുകള്‍ കാരണം വിപണിയില്‍ ദീര്‍ഘകാല മാറ്റങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം നിരീക്ഷിച്ചു.
