നോവസ്കോഷ: ലേക്ക് ഒന്റാരിയോയുടെ (Lake Ontario) പേര് ‘ലേക്ക് അമേരിക്ക’ (Lake America) എന്ന് മാറ്റാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കത്തെ വിമര്‍ശിച്ച് മാരിടൈം നിവാസികള്‍. ശ്രദ്ധ ആകര്‍ഷിക്കാനുള്ള വെറുമൊരു പ്രഹസനം മാത്രമാണിതെന്ന് കേപ്പ് ബ്രെറ്റന്‍ സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് പ്രൊഫസറായ ടോം ഉര്ബാനിയാക് പ്രതികരിച്ചു. നിലവിലുള്ള വ്യാപാര തര്‍ക്കങ്ങള്‍ക്കിടെ ഇത്തരം നീക്കങ്ങള്‍ കൊണ്ട് അമേരിക്കയ്ക്ക് എന്ത് നേട്ടമുണ്ടാകുമെന്ന് മനസ്സിലാകുന്നില്ലെന്നും, ഇത്തരം സംഭവങ്ങള്‍ കാനഡക്കാരെ കൂടുതല്‍ ഒന്നിച്ചുനിര്‍ത്താന്‍ മാത്രമേ സഹായിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി (Mark Carney) ട്രംപിന്റെ നീക്കത്തോട് ശക്തമായി പ്രതികരിച്ചു. ‘ഒന്റാരിയോ’ എന്ന പേര് തദ്ദേശീയ (Indigenous) സംസ്കാരത്തില്‍ നിന്ന് രൂപപ്പെട്ടതാണെന്നും, കാനഡയുടെ രൂപീകരണത്തിനും അമേരിക്കന്‍ സ്വാതന്ത്ര്യ പ്രഖ്യാപനത്തിനും എത്രയോ മുന്‍പേ ഉള്ളതാണെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. തദ്ദേശീയ ഭാഷകളെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും ജനങ്ങള്‍ കൂടുതല്‍ സംസാരിക്കാന്‍ ട്രംപിന്റെ ഈ നീക്കം കാരണമായെന്ന് മിക്മാക് (Mi’kmaq) സമുദായത്തിലെ അധ്യാപകനായ ജാര്‍വിസ് ഗൂഗു പറഞ്ഞു.

വിഷയം സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ക്കും വഴിവെച്ചിട്ടുണ്ട്. ‘ബേ ഓഫ് ഫണ്ടി’യെ (Bay of Fundy) ‘ബേ ഓഫ് ഡൊനെയര്’ എന്ന് വിളിക്കണമെന്നും മറ്റുമുള്ള തമാശരൂപേണയുള്ള പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. പ്രമുഖ ചോക്ലേറ്റ് ബ്രാന്‍ഡായ ‘പീസ് ബൈ ചോക്ലേറ്റ്’ ലേക്ക് ഒന്റാരിയോയുടെ പേരില്‍ പുതിയ ചോക്ലേറ്റ് ബാര്‍ തന്നെ പുറത്തിറക്കി.
അതേസമയം, ട്രംപിന്റെ ഉത്തരവ് യു.എസില്‍ നിയമപരമായ സ്വാധീനമുണ്ടാക്കിയേക്കാമെങ്കിലും ലോകത്തിലെ മറ്റ് രാജ്യങ്ങള്‍ക്ക് ബാധകമല്ലെന്ന് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു. ഒന്റാരിയോ തടാകവുമായി അതിര്‍ത്തി പങ്കിടുന്ന ന്യൂയോര്‍ക്ക് സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ കാത്തി ഹോച്ചുള്‍ (Kathy Hochul) ഉള്‍പ്പെടെയുള്ളവര്‍ പേരുമാറ്റം അംഗീകരിക്കില്ലെന്നും തടാകത്തെ ‘ലേക്ക് ഒന്റാരിയോ’ എന്ന് തന്നെ തുടര്‍ന്നും വിളിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
