കാഠ്മണ്ഡു: മിന്നല്‍പ്രളയം ദുരിതം വിതച്ച നേപ്പാളില്‍ രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിലാണെന്ന് നേപ്പാള്‍ വിദേശകാര്യ മന്ത്രി ഷിസിര്‍ ഖനാല്‍ പറഞ്ഞു. ആളുകളുടെ ജീവന്‍ രക്ഷിക്കുന്നതിനാണ് നിലവില്‍ പ്രധാന പരിഗണനയെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനോടകം ഏകദേശം 4,000 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഫോണില്‍ ബന്ധപ്പെട്ട് സഹായം വാഗ്ദാനം ചെയ്തതായും ഇന്ത്യ നല്‍കുന്ന എല്ലാ സഹായങ്ങള്‍ക്കും നന്ദിയുണ്ടെന്നും ഷിസിര്‍ ഖനാല്‍ പറഞ്ഞു.

ടണലില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനായി ഇന്ത്യയുടെ സഹായം തുടരുകയാണ്. ഡിഎന്‍എ പരിശോധനകള്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം, ഇന്ത്യ നേപ്പാളിലേക്ക് കൂടുതല്‍ അടിയന്തര സഹായങ്ങള്‍ എത്തിച്ചു. നാല് വ്യോമസേനാ വിമാനങ്ങളിലായി ഇതുവരെ 68 ടണ്‍ അവശ്യവസ്തുക്കളാണ് നേപ്പാളിലെത്തിച്ചത്. ഇന്ത്യയില്‍ നിന്നുള്ള തുരങ്ക രക്ഷാപ്രവര്‍ത്തക സംഘവും ഡിഎന്‍എ പരിശോധനയ്ക്കായുള്ള ഫോറന്‍സിക് വിദഗ്ധരും നേപ്പാളില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
ഏഴ് ബെയ്ലി പാലങ്ങള്‍ നിര്‍മിക്കുന്നതിനാവശ്യമായ സാമഗ്രികളും സാങ്കേതിക വിദഗ്ധരും ഉടന്‍ നേപ്പാളിലെത്തുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും അറിയിച്ചു.
