ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 9 രൂപ 50 പൈസയാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നതോടെ ഡല്‍ഹിയില്‍ സിലിണ്ടര്‍ ഒന്നിന് 2,747.50 രൂപയും മുംബൈയില്‍ 2,701 രൂപയുമായി. ചെന്നൈയില്‍ 2,916.50 രൂപയായി ഉയര്‍ന്നപ്പോള്‍ കൊച്ചിയില്‍ ഇനി ഒരു സിലിണ്ടറിന് 2,783.50 രൂപ നല്‍കണം. അതേസമയം, ഗാര്‍ഹിക ആവശ്യത്തിനുള്ള എല്‍.പി.ജി സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.

അമേരിക്ക-ഇറാന്‍ സംഘര്‍ഷങ്ങള്‍ക്കും ഹോര്‍മുസ് കടലിടുക്കിലെ തര്‍ക്കങ്ങള്‍ക്കും അയവുവന്ന പശ്ചാത്തലത്തില്‍ മുന്‍പ് വാണിജ്യ സിലിണ്ടറുകളുടെ വില കുറച്ചിരുന്നു. എന്നാല്‍ മാസാരംഭത്തില്‍ എണ്ണക്കമ്പനികള്‍ വരുത്തിയ ഈ പുതിയ വര്‍ധന വിപണിക്ക് തിരിച്ചടിയായിട്ടുണ്ട്. ഹോട്ടലുകള്‍, ബേക്കറികള്‍, തട്ടുകടകള്‍, കുടുംബശ്രീ ഭക്ഷണ യൂണിറ്റുകള്‍ തുടങ്ങി ഭക്ഷ്യ സംസ്‌കരണ മേഖലയിലുള്ള ചെറുകിട-വലിയ സംരംഭങ്ങള്‍ക്ക് ഈ വിലക്കയറ്റം വലിയ സാമ്പത്തിക ഭാരം സൃഷ്ടിക്കും.
