ഹോര്‍മുസ് കടലിടുക്കില്‍ ഒമാന്‍ തീരത്തിന് സമീപം വീണ്ടും എണ്ണ ടാങ്കറിന് നേരെ മിസൈല്‍ ആക്രമണം. ഒമാനിലെ ഖസബ് നഗരത്തിന് 30 കിലോമീറ്റര്‍ കിഴക്കായി നടന്ന ആക്രമണത്തില്‍ ആളപായമോ എണ്ണ ചോര്‍ച്ചയോ ഉണ്ടായിട്ടില്ലെന്ന് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് വ്യക്തമാക്കി. ഒരാഴ്ചയ്ക്കിടെ മേഖലയില്‍ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്. ഇക്കഴിഞ്ഞ 25-ന് സമാനമായ ആക്രമണത്തില്‍ ഒരു കപ്പലിന് തീപിടിച്ചിരുന്നു.

ഇറാനെതിരെ അതിശക്തമായ ആക്രമണം നടത്തിയേക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. എന്നാല്‍, അമേരിക്കയ്ക്കുമേല്‍ സാമ്പത്തിക സമ്മര്‍ദ്ദം ശക്തമാക്കാന്‍ എല്ലാ എണ്ണ കയറ്റുമതി രാജ്യങ്ങളെയും ലക്ഷ്യമിടണമെന്ന് ഇറാന്‍ ഡെപ്യൂട്ടി പാര്‍ലമെന്റ് സ്പീക്കര്‍ ഹമീദ്രേസ ഹാജി ബാബേയ് ആഹ്വാനം ചെയ്തു. പശ്ചിമേഷ്യയില്‍ അമേരിക്കയെ സഹായിക്കുന്നവരെ മുഴുവന്‍ ലക്ഷ്യമിടണമെന്നും ഇറാന്‍ നിലപാട് വ്യക്തമാക്കി.
