Tuesday, September 1, 2026

പശ്ചിമേഷ്യ വീണ്ടും യുദ്ധക്കളം; ‘ചെയ്ത കുറ്റങ്ങളില്‍ അമേരിക്ക ഖേദിക്കുന്നത് വരെ ആക്രമണം തുടരും’: ഇറാന്‍

ടെഹ്‌റാന്‍: അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങള്‍ക്ക് മറുപടിയായി മേഖലയിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ശക്തമായ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയതായി ഇറാന്‍. ഇറാനിലെ ഖത്തമുല്‍ അന്‍ബിയ സെന്‍ട്രല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് വക്താവ് കേണല്‍ ഇബ്രാഹിം സുള്‍ഫഖാരിയാണ് ഇറാന്റെ ഔദ്യോഗിക സംപ്രേക്ഷണ ശൃംഖലയായ ഐആര്‍ഐബിയിലൂടെ (IRIB) ഇക്കാര്യം അറിയിച്ചത്.

ഇറാന്റെ തിരിച്ചടിയില്‍ യുഎസ് താവളങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്കും ആയുധ ശേഖരങ്ങള്‍ക്കും കനത്ത നാശനഷ്ടം സംഭവിച്ചതായും, നിരവധി യുഎസ് സൈനികരും കമാന്‍ഡര്‍മാരും കൊല്ലപ്പെടുകയോ പരുക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്നും സുള്‍ഫഖാരി അവകാശപ്പെട്ടു. തങ്ങള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ അമേരിക്ക ഖേദിക്കുന്നത് വരെ ആക്രമണങ്ങള്‍ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടുതല്‍ ശക്തമായ പ്രത്യാക്രമണം നേരിടേണ്ടി വരുമെന്ന് യുഎസിനും, അമേരിക്കയെ സഹായിക്കുന്ന രാജ്യങ്ങള്‍ക്കും ഇറാന്‍ മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ ദിവസം രാത്രി ജനവാസ മേഖലകളും വിമാനത്താവളങ്ങളും അടക്കം നൂറിലധികം ഇറാന്യന്‍ കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്ക ആക്രമണം നടത്തിയിരുന്നു. ഇതിന് തിരിച്ചടിയായാണ് ജോര്‍ദാന്‍, കുവൈറ്റ്‌, ബഹ്റൈന്‍ എന്നിവിടങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ ആക്രമണം അഴിച്ചുവിട്ടത്. എന്നാല്‍ ഇറാന്റെ മിസൈല്‍-ഡ്രോണ്‍ നീക്കങ്ങളെ വിജയകരമായി പ്രതിരോധിച്ചതായി കുവൈത്തും ബഹ്റൈനും അറിയിച്ചു. അതിനിടെ, കൂടുതല്‍ ശക്തമായ മറുപടി ഇനിയും വരാനിരിക്കുന്നതേയുള്ളൂ എന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയതോടെ ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 94 ഡോളറായി ഉയര്‍ന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!