ഓട്ടവ: യു.എസ്. ഉള്‍പ്പെടുന്ന വടക്കേ അമേരിക്കന്‍ സ്വതന്ത്ര വ്യാപാര കരാറായ ‘കുസ്മ’ (CUSMA) റദ്ദാക്കപ്പെടുകയാണെങ്കില്‍ കാനഡയ്ക്ക് അത് തിരിച്ചടിയാകുമെന്ന് ഡിലോയ്റ്റ് കാനഡ. അന്താരാഷ്ട്ര തലത്തില്‍ മറ്റ് രാജ്യങ്ങളുമായി വ്യാപാര സഹകരണം ശക്തമാക്കിയതുകൊണ്ട് മാത്രം കാനഡയുടെ സാമ്പത്തിക തകര്‍ച്ച പൂര്‍ണമായി പരിഹരിക്കാനാകില്ലെന്ന് ഡിലോയ്റ്റ് കാനഡയുടെ (Deloitte Canada) പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
‘താരിഫ്‌സ്: എ റഫ് റോഡ് ലീഡ്‌സ് ടു ന്യൂ ഡെസ്റ്റിനേഷന്‍സ്’ എന്ന പേരില്‍ വ്യാഴാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഈ മുന്നറിയിപ്പുള്ളത്. യു.എസ്. പിന്മാറ്റം മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടം നികത്താന്‍ പ്രവിശ്യകള്‍ തമ്മിലുള്ള ആഭ്യന്തര വ്യാപാര തടസ്സങ്ങള്‍ നീക്കുക, പുതിയ വ്യവസായ മേഖലകള്‍ വികസിപ്പിക്കുക തുടങ്ങിയ ശക്തമായ നടപടികള്‍ കാനഡ സ്വീകരിക്കേണ്ടതുണ്ടെന്ന് ഡിലോയ്റ്റ് വ്യക്തമാക്കുന്നു.

യു.എസ്. കരാറില്‍ നിന്ന് പിന്മാറുന്ന ഏറ്റവും മോശമായ സാഹചര്യമുണ്ടായാല്‍, അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ കാനഡയുടെ യഥാര്‍ത്ഥ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ (GDP) 1.6 ശതമാനത്തിന്റെ അഥവാ 402 ബില്യണ്‍ ഡോളറിന്റെ ഇടിവുണ്ടാകും. പ്രതിവര്‍ഷം ശരാശരി 1,63,000 തൊഴിലവസരങ്ങള്‍ നഷ്ടപ്പെടാന്‍ ഇത് കാരണമാകും. പ്രധാനമായും കനേഡിയന്‍ നിര്‍മ്മാണ മേഖലയെയും (വാഹന നിര്‍മ്മാണം, ഇലക്ട്രോണിക്‌സ്, കെമിക്കല്‍സ്) എണ്ണ-വാതക ഉത്പാദന മേഖലയെയുമാണ് ഇത് രൂക്ഷമായി ബാധിക്കുക.
എന്നാല്‍, കരാര്‍ നിലനിര്‍ത്തുകയും ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളുമായി വ്യാപാരബന്ധം ശക്തമാക്കുകയും ചെയ്യുന്ന അനുകൂല സാഹചര്യമുണ്ടായാല്‍ ജി.ഡി.പി.യില്‍ 0.6 ശതമാനം വളര്‍ച്ചയും 53,000 പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കാന്‍ കാനഡയ്ക്ക് സാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
