Saturday, September 5, 2026

US ഭീഷണികള്‍ക്ക് വഴങ്ങേണ്ട!; ഫെഡറല്‍ സര്‍ക്കാരിന് വന്‍ ജനപിന്തുണ; പ്രതികാര തീരുവയെ അനുകൂലിച്ച് കാനഡക്കാര്‍: നാനോസ് സര്‍വേ

ഓട്ടവ: യു.എസ് വ്യാപാര കരാര്‍ നിരസിക്കാനുള്ള ഫെഡറല്‍ സര്‍ക്കാരിന്റെ തീരുമാനത്തിന് രാജ്യവ്യാപകമായി വന്‍ ജനപിന്തുണയെന്ന് പുതിയ സര്‍വേ റിപ്പോര്‍ട്ട്. നാനോസ് റിസര്‍ച്ച് (Nanos Research) നടത്തിയ പഠനത്തിലാണ്, സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും അമേരിക്കന്‍ ഭീഷണികള്‍ക്ക് വഴങ്ങേണ്ടതില്ലെന്ന പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ നിലപാടിനെ ഭൂരിഭാഗം ജനങ്ങളും പിന്തുണയ്ക്കുന്നതായി വ്യക്തമായത്. ഓഗസ്റ്റ് 21-നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ പരാജയപ്പെടുകയും കാനഡ ചര്‍ച്ചകളില്‍ നിന്ന് പിന്മാറുകയും ചെയ്തത്. ഇതിന് പ്രതികാരമായി കനേഡീയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക 50 ശതമാനം നികുതി ചുമത്തി. തുടര്‍ന്ന്, സെപ്റ്റംബര്‍ 8 മുതല്‍ തിരിച്ചടിയായി 28 ബില്യണ്‍ ഡോളറിന്റെ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് കാനഡയും പ്രത്യാക്രമണ തീരുവ (Counter-tariffs) പ്രഖ്യാപിക്കുകയായിരുന്നു.

സര്‍വേയില്‍ പങ്കെടുത്ത 75 ശതമാനം ആളുകളും കരാര്‍ വേണ്ടെന്നുവെച്ച സര്‍ക്കാരിന്റെ തീരുമാനത്തെ പൂര്‍ണ്ണമായും, 10 ശതമാനം പേര്‍ ഭാഗികമായും പിന്തുണച്ചു. കേവലം 12 ശതമാനത്തോളം ആളുകള്‍ മാത്രമാണ് ഈ തീരുമാനത്തെ എതിര്‍ത്തത്. സെപ്റ്റംബര്‍ 8 മുതല്‍ നിലവില്‍ വരുന്ന കാനഡയുടെ തിരിച്ചടി തീരുവയ്ക്ക് 80 ശതമാനത്തോളം ജനങ്ങളുടെ പിന്തുണ ലഭിക്കുന്നുണ്ട്. വ്യാപാര യുദ്ധം കാരണം ദൈനംദിന സാധനങ്ങള്‍ക്ക് വില കൂടിയേക്കാമെന്ന ആശങ്ക 66 ശതമാനം പേര്‍ പങ്കുവെക്കുന്നുണ്ടെങ്കിലും, അമേരിക്കയ്ക്കെതിരായ ശക്തമായ നിലപാടിന്റെ ഭാഗമായി ഉയര്‍ന്ന വില നല്‍കാന്‍ 70 ശതമാനം കനേഡിയന്‍മാരും സന്നദ്ധത പ്രകടിപ്പിക്കുന്നു.

യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെയും ഭരണകൂടത്തിന്റെയും കാനഡ വിരുദ്ധ പ്രസ്താവനകളില്‍ പ്രതിഷേധിച്ച് കനേഡിയന്‍ ജനങ്ങള്‍ തങ്ങളുടെ സാമ്പത്തിക തീരുമാനങ്ങളിലും മാറ്റം വരുത്തുന്നുണ്ട്. സര്‍വേ പ്രകാരം 78 ശതമാനം ആളുകള്‍ തദ്ദേശീയ ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍, 77 ശതമാനം പേര്‍ അമേരിക്കന്‍ സാധനങ്ങള്‍ ബോധപൂര്‍വ്വം ബഹിഷ്‌കരിക്കുന്നു. ഇതിനുപുറമെ, 47 ശതമാനം ആളുകള്‍ യു.എസിലേക്കുള്ള യാത്രാ പദ്ധതികള്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

നിലവില്‍ 74 ശതമാനം കനേഡിയന്‍മാരും അമേരിക്കയെ ഒരു വിശ്വസ്ത സഖ്യകക്ഷിയായി കാണുന്നില്ലെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. എന്നിരുന്നാലും, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുമെന്നും സ്വന്തം സാമ്പത്തിക താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കാനഡയ്ക്ക് സാധിക്കുമെന്നും ഭൂരിഭാഗം ജനങ്ങളും പ്രത്യാശ പ്രകടിപ്പിക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!