ജനീവ: ലോക ഭൂപടത്തില്‍ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന് അര്‍ഹമായ വലിപ്പം നല്‍കിക്കൊണ്ട് ഐക്യരാഷ്ട്രസഭ ചരിത്രപരമായ തീരുമാനമെടുത്തു. പരമ്പരാഗത മെര്‍ക്കേറ്റര്‍ ഭൂപടത്തിന് പകരം യഥാര്‍ത്ഥ വിസ്തൃതി പ്രതിഫലിപ്പിക്കുന്ന പുതിയ മാപ്പ് അംഗീകരിക്കുന്ന പ്രമേയം യു.എന്‍. പൊതുസഭ പാസാക്കി. ടോഗോയുടെ നേതൃത്വത്തില്‍ ആഫ്രിക്കന്‍ യൂണിയന് മുന്‍കൈയെടുത്ത് അവതരിപ്പിച്ച ‘കറക്റ്റ് ദി മാപ്പ്’ പ്രമേയത്തെ ഫ്രാന്‍സും യുകെയും അടക്കം 164 രാജ്യങ്ങള്‍ പിന്തുണച്ചപ്പോള്‍, അമേരിക്ക മാത്രമാണ് എതിര്‍ത്ത് വോട്ട് ചെയ്തത്.
പതിനാറാം നൂറ്റാണ്ടില്‍ ജെറാര്‍ഡസ് മെര്‍ക്കേറ്റര്‍ തയ്യാറാക്കിയ പഴയ ഭൂപടത്തില്‍ ഗ്രീന്‍ലാന്റിന്റെ അതേ വലിപ്പത്തിലാണ് ആഫ്രിക്കയെ കാണിച്ചിരുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഗ്രീന്‍ലാന്റിനേക്കാള്‍ 14 മടങ്ങ് വലുപ്പമുള്ള ഭൂഖണ്ഡമാണ് ആഫ്രിക്ക. ഭൂമധ്യരേഖയ്ക്ക് അടുത്തുള്ള രാജ്യങ്ങളെ ചെറുതാക്കിയും ധ്രുവപ്രദേശങ്ങളിലെ രാജ്യങ്ങളെ വലുതാക്കിയും കാണിച്ച പഴയ ഭൂപടം ആഫ്രിക്കയുടെ പ്രാധാന്യത്തെയും വികസന സാധ്യതകളെയും ചെറുതാക്കി കാണിക്കുന്നുവെന്ന വിമര്‍ശനം ശക്തമായിരുന്നു.

ഈ വലിപ്പവ്യത്യാസം പരിഹരിക്കാനായി 2018-ല്‍ കാര്‍ട്ടോഗ്രാഫര്‍മാര്‍ തയ്യാറാക്കിയ ‘ഈക്വല്‍ എര്‍ത്ത് പ്രൊജക്ഷന്’ ഭൂപടമാണ് ഇപ്പോള്‍ യു.എന്‍. പൊതുസഭ അംഗീകരിച്ചത്. അമേരിക്ക, ചൈന, ഇന്ത്യ, ജപ്പാന്, യൂറോപ്പ് എന്നീ പ്രദേശങ്ങള്‍ മുഴുവന്‍ ചേര്‍ത്തുവെച്ചാലും ആഫ്രിക്കയില്‍ ഇനിയും സ്ഥലമുണ്ടാകുമെന്നതാണ് യാഥാര്‍ത്ഥ്യം. യു.എന്‍. പ്രമേയം രാജ്യങ്ങള്‍ക്ക് നിയമപരമായി നിര്‍ബന്ധിതമല്ലെങ്കിലും, വരും ദിവസങ്ങളില്‍ ലോകമെമ്പാടുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഏജന്‍സികളിലും പുതിയ ഭൂപടം ഉപയോഗത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
