തിരുവനന്തപുരം: ചിറയിന്‍കീഴില്‍ രമ്യ ഹരിദാസ് എം.എല്‍.എയും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ കര്‍ശന നടപടിയുമായി കെ.പി.സി.സി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി രമണി പി. നായരെ ചുമതലപ്പെടുത്തി. തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന രമണി പി. നായരുടെ നേതൃത്വത്തില്‍ നാളെത്തന്നെ യോഗം ചേര്‍ന്ന് ഇരുവിഭാഗങ്ങളുടെയും വാദം കേള്‍ക്കും. സംഭവത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം കടുത്ത അമര്‍ഷത്തിലാണ്.
അതിനിടെ, തമ്മിലടിച്ച ഇരുവിഭാഗങ്ങള്‍ക്കുമെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. രമ്യ ഹരിദാസിന്റെ പരാതിയില്‍ കോണ്‍ഗ്രസ് ജില്ലാ പഞ്ചായത്തംഗം സജിത്ത് മുട്ടപ്പലം, മണ്ഡലം വൈസ് പ്രസിഡന്റ് സജാദ് എന്നിവരുള്‍പ്പെടെ ഏഴുപേര്‍ക്കെതിരെ എസ്.സി/എസ്.ടി ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ചിറയിന്‍കീഴ് പോലീസ് കേസെടുത്തു.

തനിക്കെതിരെ നിരന്തരം വ്യക്തിഹത്യ ഉണ്ടായപ്പോഴാണ് പ്രതികരിച്ചതെന്നും, തര്‍ക്കത്തിനിടെ ആദ്യം അടിച്ചത് താന്‍ തന്നെയാണെന്നും രമ്യ ഹരിദാസ് സമ്മതിച്ചു. എന്നാല്‍ രമ്യയുടേത് അഭിനയമാണെന്നും, അവരുടെ പി.എ എന്ന് അവകാശപ്പെടുന്ന പാളയം പ്രദീപാണ് തര്‍ക്കങ്ങള്‍ക്ക് തുടക്കമിട്ടതെന്നും സജിത്ത് ആരോപിച്ചു.
