കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ അപ്പര്‍ ത്രിശൂലി ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ ചൈനീസ് പൗരനെ 11 ദിവസത്തിന് ശേഷം ജീവനോടെ രക്ഷപ്പെടുത്തി. നേപ്പാള്‍ സൈന്യവും ദക്ഷിണ കൊറിയന്‍ ദുരന്തനിവാരണ സംഘവും സംയുക്തമായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെ പുറത്തെത്തിച്ച ഇയാളെ വിദഗ്ദ്ധ ചികിത്സയ്ക്കായി ത്രിശൂലിയിലെ സൈനിക ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. നടക്കാന്‍ പോലും കഴിയാത്തത്ര ശാരീരികമായി തളര്‍ന്ന അവസ്ഥയിലാണ് ഇയാളെ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് പേരെക്കൂടി ഈ തുരങ്കത്തില്‍ നിന്ന് രക്ഷപ്പെടുത്തിയിരുന്നു. ഇതോടെ 738 അടി നീളമുള്ള തുരങ്കത്തിനുള്ളില്‍ നിന്ന് ജീവനോടെ പുറത്തെത്തിച്ച തൊഴിലാളികളുടെ എണ്ണം മൂന്നായി. തുരങ്കത്തിനുള്ളില്‍ ഇനിയും ആളുകള്‍ ജീവനോടെയുണ്ടാകാമെന്നാണ് അധികൃതരുടെ നിഗമനം. എന്നാല്‍ കൃത്യമായി എത്രപേരുണ്ടെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല.

അതേസമയം, പ്രളയത്തില്‍ രാജ്യത്തൊട്ടാകെ മരിച്ചവരുടെ എണ്ണം 1,344 ആയി ഉയര്‍ന്നതായി ദുരന്തനിവാരണ ഏജന്‍സി അറിയിച്ചു. ഇതിനുപുറമെ ടിബറ്റ് മേഖലയില്‍ 31 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. കണ്ടെത്തിയ മൃതദേഹങ്ങളില്‍ 1,030 എണ്ണം DNA സാമ്പിളുകള്‍ ശേഖരിച്ച ശേഷമാണ് സംസ്‌കരിച്ചത്.
